ഇന്ന് മുതൽ ടോൾ പിരിക്കാൻ കമ്പനി തീരുമാനിക്കുകയായിരുന്നു. വലിയ പ്രതിഷേധം കണക്കിലെടുത്ത് ടോൾ പ്ലാസയ്ക്ക് സമീപം കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്

പാലക്കാട് : പന്നിയങ്കരയിൽ (panniyankara)ഇന്ന് മുതൽ എല്ലാവരും ടോൾ (toll)നൽകണം. പ്രദേശവാസികൾക്ക് നൽകിയ സൗജന്യ യാത്ര നിർത്തലാക്കിയതായി കരാർ കമ്പനി വ്യക്തമാക്കി. സ്വകാര്യ ബസുകൾക്കും ഇളവ് നൽകില്ല. 9 മണി മുതൽ ആണ് ടോൾ പിരിവ് തുടങ്ങും. രമ്യ ഹരിദാസ് Mp, PP സുമോദ് MLA, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ബസ് ഉടമ സംഘടനാ പ്രതിനിധികൾ എന്നിവർ ഇന്നലെ ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ യോഗം ചേർന്നിരുന്നു. 2 ദിവസത്തിനകം നിലപാട് അറിയിക്കുമെന്നാണ് ടോൾ കമ്പനി അധികൃതർ അറിയിച്ചത്. എന്നാൽ ഇന്ന് മുതൽ ടോൾ പിരിക്കാൻ കമ്പനി തീരുമാനിക്കുകയായിരുന്നു.

ഒരു തവണ കടന്നു പോകുന്നതിന് 650 രൂപ നൽകാനാവില്ലെന്ന് ടിപ്പർ ഉടമകൾ നിലപാടെടുത്തു. ടിപ്പർ ലോറികൾ ടോൾ പ്ലാസയിൽ നിർത്തിയിട്ട് പ്രതിഷേധിക്കുകയും ചെയ്തു. ഇനിതു പിന്നാലെ പന്നിയങ്കര ടോളിൽ വീണ്ടും പ്രതിഷേധം ഉണ്ടായി. തദ്ദേശവാസികൾക്ക് സൗജന്യ പാസ് അനുവദിക്കാത്തതിലാണ് പ്രതിഷേധം. അന്തിമ തീരുമാനമാകുന്നതിന് മുമ്പ് ടോൾ പിരിക്കാൻ കരാർ കമ്പനി തീരുമാനിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്.വലിയ പ്രതിഷേധം കണക്കിലെടുത്ത് ടോൾ പ്ലാസയ്ക്ക് സമീപം കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്

മാർച്ച് 9ാം തിയതി മുതലാണ് പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങിയത്. അന്ന് ഇടത് യുവ ജനസംഘടനകളുടെ സമരം ഉണ്ടായിരുന്നു. പിന്നീടാണ് പ്രദേശവാസികളുടെ ഇളവ് ഉൾപ്പെടെ ആവശ്യം ശക്തമായത്.

ഒന്‍പത് വര്‍ഷത്തിനിടെ 228 കോടി കുടിശ്ശിക; സര്‍ക്കാര്‍ കുടിശ്ശിക തീര്‍ക്കുന്നില്ലെന്ന് പാലിയേക്കര ടോള്‍ പ്ലാസ

തൃശ്ശൂര്‍: പാലിയേക്കര ടോള്‍ പ്ലാസ (Paliyekkara Toll Plaza) കമ്പനിയ്ക്ക് കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ സര്‍ക്കാര്‍ വരുത്തിയ കുടിശ്ശിക 228 കോടി രൂപ. തദ്ദേശീയരുടെ സൗജന്യയാത്രയുടെയും കെഎസ്ആര്‍ടിയുടെയും ടോള്‍ തുകയില്‍ ഇതുവരെ കിട്ടിയത് 7 കോടി മാത്രമെന്ന് ടോള്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി. 2012 ഫെബ്രുവരി മുതലാണ് പാലിയേക്കര ടോള്‍ പ്ലാസയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് സൗജന്യപാസ് അനുവദിച്ചത്. ഈയിനത്തില്‍ സര്‍ക്കാരില്‍ നിന്ന് ടോള്‍ കമ്പനിയ്ക്ക് 2013 ല്‍ മൂന്നര കോടി രൂപ കിട്ടി. അതിനുശേഷം നയാപൈസ കിട്ടിയിട്ടില്ല. ഇപ്പോള്‍ കുടിശ്ശിക 132 കോടി. കെഎസ്ആര്‍ടിസിയുടെ ടോള്‍ തുകയില്‍ കിട്ടാനുളളത് 96 കോടി രൂപ. 

ഒരാളുടെ പേരിലുളള ഒന്നിലേറെ വാഹനങ്ങള്‍ക്ക് യാത്രാസൗജന്യം ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു മാസമായി കമ്പനി ഇത് നല്‍കുന്നില്ല. പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതുമില്ല. കൊടുങ്ങല്ലൂര്‍ പിഡബ്ല്യുഡി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ 431 വാഹനങ്ങളുടെ അപേക്ഷകള്‍ തടഞ്ഞുവെച്ചിരിക്കുന്നതിനാലാണ് ഇതെന്നാണ് ടോള്‍ കമ്പനിയുടെ വിശദീകരണം. എഞ്ചിനീയറുടെ അനുമതിയില്ലാതെ സൗജന്യ പാസ് അനുവദിക്കാനാകില്ല. ഇതിനെതിരെ പുതുക്കാട് എംഎല്‍എ കെ കെ രാമച്ചന്ദ്രന്‍റെ നേതൃത്വത്തില്‍ ടോള്‍ പ്ലാസയ്ക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. തുടര്‍ന്ന് നിയന്ത്രണങ്ങള്‍ നീക്കുമെന്ന് കളക്ടറുമായുളള ചര്‍ച്ചയില്‍ തീരുമാനിച്ചെങ്കിലും ജില്ലാ ഭരണകൂടത്തില്‍ നിന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ലെന്നാണ് ടോള്‍ അധികൃതര്‍ പറയുന്നത്.

അറുപത് കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ പ്ലാസകൾ ഇനി ഉണ്ടാകില്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി


ദില്ലി: അറുപത് കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ പ്ലാസകൾ (Toll Plaza) ഇനി മുതൽ ഉണ്ടാകില്ലെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി (Nitin Gadkari). നിലവിൽ അങ്ങനെയുള്ളിടങ്ങളിൽ മൂന്ന് മാസത്തിനുള്ളിൽ ഒന്ന് അടച്ച് പൂട്ടും. ടോൾ പ്ലാസകൾക്ക് അടുത്ത് താമസിക്കുന്നവർക്ക് ആധാർ കാർഡ് ഉപയോഗിച്ച് പാസ് എടുക്കാമെന്നും മന്ത്രി ലോക്സഭയിൽ പറഞ്ഞു.