Asianet News MalayalamAsianet News Malayalam

പാലിയേക്കര ടോൾ പ്ലാസയിൽ നിരക്ക് വീണ്ടും കൂട്ടി; പ്രതിഷേധത്തിന് സാധ്യത

ടോള്‍ പ്ലാസയിൽ പിരിവ് കാലാവധി 10 വര്‍ഷം ബാക്കി നിൽക്കെ ചെലവായതിന്‍റെ 80 ശതമാനം തുകയും കമ്പനിക്ക്  തിരിച്ചുകിട്ടിയതായി വിവരാവകാശ രേഖയിൽ വ്യക്തമായിരുന്നു. ടോൾ പ്ലാസയിലൂടെയുള്ള സൗജന്യ യാത്ര നിഷേധിച്ചതിലുള്ള പ്രദേശവാസികളുടെ പ്രതിഷേധവും തുടരുകയാണ്...ഇതിന് പിന്നാലെയാണ് വീണ്ടും നിരക്ക് വർധന

toll rate increased in paliyekkara plaza
Author
Paliyekkara, First Published Oct 16, 2019, 9:37 AM IST

തൃശ്ശൂർ: പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ നിരക്ക് വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്ക് അനുസരിച്ച് കാര്‍,ജീപ്പ് തുടങ്ങിയ വാഹനങ്ങള്‍ക്ക് 5 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഭാഗത്തേക്ക് യാത്ര ചെയ്യാൻ 75 രൂപ കൊടുക്കണം. ബസ്,ലോറി,ട്രക്ക് എന്നിവയ്ക്ക് 10 രൂപയാണ് കൂടിയത്. ജീവിതനിലവാര സൂചികയുടെ അനുപാതത്തിലാണ് ടോള്‍ നിരക്ക് ഉയര്‍ത്തിയിരിക്കുന്നതെന്ന് ദേശീയ പാത അതോറിറ്റി വ്യക്തമാക്കി. 

പുതിയ നിരക്ക് പ്രകാരം ചെറിയ വാഹനങ്ങൾക്ക് ഒന്നിലേറെ തവണ യാത്ര ചെയ്യാനുള്ള തുക 105  ൽ നിന്ന് 110  ആയും ഉയർത്തി. ഈ വാഹനങ്ങളുടെ പ്രതിമാസ നിരക്ക് 20120  ൽ നിന്ന് 2185  ആകും. പുതുക്കിയ നിരക്ക് അനുസരിച്ച് ചെറുകിട വ്യാവസായിക വാഹനങ്ങൾക്ക് ഒറ്റത്തവണ 125  രൂപയും 24 മണിക്കൂറിന് 190  രൂപയും പ്രതിമാസം 3825  ആയി ഉയർന്നു.

ബസ് ലോറി, ട്രക്ക്, എന്നീ വാഹനങ്ങൾക്ക് ഒറ്റത്തവണ 255  രൂപ, 24 മണിക്കൂറിന് 380 രൂപ , പ്രതിമാസം 7650  എന്നിങ്ങനെയും പുതിയ നിരക്കായി. നിരക്കുവർധന സംബന്ധിച്ച പുതിയ ഉത്തരവ് ഇന്നലെയാണ് ദേശീയപാതാ അതോറിറ്റി പുറത്തിറക്കിയത്.

അതേ സമയം പ്രദേശിക വാഹനങ്ങൾക്ക് നൽകിയിരുന്ന സൗജന്യപാസ് സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. പ്ലാസക്കു സമീപമുള്ള പ്രദേശവാസികളിൽ നിന്ന് ഇപ്പോഴും ടോൾ വാങ്ങുന്നത് വലിയ പ്രതിഷേധങ്ങൾക്ക് വഴി വച്ചിരുന്നു. നേരത്തെ ഇവർക്ക് സൗജന്യ യാത്ര പാസ് ഉണ്ടായിരുന്നെങ്കിലും അത് നിർത്തലാക്കുകയായിരുന്നു. ഫാസ്റ്റ് ട്രാക്ക് കാർഡ് സിസ്റ്റം നടപ്പാക്കുന്നതിൽ ഉള്ള സാങ്കേതിക പ്രശ്നമാണ് പ്രശ്നത്തിന് കാരണം എന്നാണ് ടോൾ പ്ലാസ അധികൃതർ നൽകുന്ന വിശദീകരണം.

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിൽ പിരിവ് കാലാവധി 10 വര്‍ഷം ബാക്കി നിൽക്കെ ചെലവായതിന്‍റെ 80 ശതമാനം തുകയും കമ്പനിക്ക്  തിരിച്ചുകിട്ടിയതായി വിവരാവകാശ രേഖയിൽ കണ്ടെത്തിയിരുന്നു. കാലാവധി മുഴുവൻ പിരിച്ചാൽ  തുകയുടെ നാല് മടങ്ങ് അധികം നേടാനാകുമെന്നും വ്യക്തമായിരുന്നു. ഇതോടെ പാത എത്രയും വേഗം ദേശീയ പാത അതോറിറ്റി ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വീണ്ടും ടോൾ നിരക്ക് കൂട്ടുന്നത്. ദേശീയ പാത അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം 2017 ഡിസംബര്‍ വരെ 644 കോടി രൂപ പിരിച്ചിരുന്നു.

2012 ഫെബ്രുവരി 9 മുതലാണ് പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് തുടങ്ങിയത്. ദേശീയ പാത അതോറിറ്റിയും ടോള്‍ പ്ലാസ നടത്തിപ്പുകാരായ ഗുരുവായൂര്‍ ഇൻഫ്രാസ്ട്രച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും തമ്മിലുളള കരാര്‍ പ്രകാരം  2028 ജൂലായ് 21 വരെ ടോള്‍ പിരിക്കാം. മണ്ണുത്തി-ഇടപ്പള്ളി  4 വരിപാതയുടെ നിര്‍മ്മാണത്തിന് കമ്പനിയ്ക്ക് ചെലവായത് 721.17 കോടി തുക രൂപയാണ്. അതായത് 151.66 കോടി രൂപ കൂടി കിട്ടിയാൽ ചെലവായ തുക കമ്പനിക്ക് കിട്ടും. നിരക്ക് വീണ്ടും കൂട്ടിയ സാഹചര്യത്തിൽ പ്രതിഷേധങ്ങളുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്താനുള്ള സാധ്യതയും തള്ളാനാകില്ല.

Follow Us:
Download App:
  • android
  • ios