Asianet News MalayalamAsianet News Malayalam

ഓണത്തിന് ശേഷം കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റമുണ്ടാകുമോ? കൊവിഡ‍് അവലോകന യോഗം നാളെയില്ല, ബുധനാഴ്ച നടന്നേക്കും

ബുധനാഴ്ച യോഗം ചേരാനാണ് സാധ്യത. ഓണാഘോഷങ്ങൾക്ക് പിന്നാലെ സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുമോ എന്ന ആശങ്ക  ആരോഗ്യപ്രവർത്തകർ പങ്കുവെക്കുന്നതിനിടെയാണ് നാളത്തെ യോ​ഗം മാറ്റിവച്ചെന്ന വിവരം പുറത്തുവരുന്നത്.

tomorrows covid review meeting postponed
Author
Thiruvananthapuram, First Published Aug 22, 2021, 8:32 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേരാനിരുന്ന നാളത്തെ കൊവിഡ് അവലോകന യോഗം മാറ്റി. ബുധനാഴ്ച യോഗം ചേരാനാണ് സാധ്യത.

ഓണാഘോഷങ്ങൾക്ക് പിന്നാലെ സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുമോ എന്ന ആശങ്ക  ആരോഗ്യപ്രവർത്തകർ പങ്കുവെക്കുന്നതിനിടെയാണ് നാളത്തെ യോ​ഗം മാറ്റിവച്ചെന്ന വിവരം പുറത്തുവരുന്നത്. നിയന്ത്രണങ്ങളിലും ഇളവുകളിലും നാളത്തെ അവലോകന യോഗത്തിൽ തീരുമാനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. 

ടിപിആർ കുതിച്ചുയരുമ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കൂടുന്നില്ല എന്നുള്ളതാണ് ആശ്വാസം. സംസ്ഥാനത്ത് ഓരോ ദിവസം കഴിയുംതോറും പരിശോധനകളും വാക്സീനേഷനും കുറയുകയാണ്. എന്നാൽ ടിപിആർ കുത്തനെ ഉയരുന്നു. ഓണാഘോഷങ്ങൾ കഴിയും മുമ്പേ പുറത്തുവരുന്ന കണക്കുകൾ കേരളത്തിന് ഒട്ടും ആശാവഹമല്ല. രണ്ട് ലക്ഷത്തിന് അടുത്ത് പരിശോധനകൾ നടന്നിരുന്ന കേരളത്തിൽ ഇന്നലെ നടന്നത് വെറും 96,481 പരിശോധനകളാണ്.

അഞ്ച് ശതമാനത്തിലേക്ക് എങ്കിലും ടിപിആർ കുറയ്ക്കണമെന്ന് ലക്ഷ്യമിട്ടിരുന്നിടത്ത് ഇന്നലെ ടിപിആർ കുതിച്ചുയർന്നത് 17.73 ശതമാനത്തിലേക്കാണ്. 30,000 ൽ താഴെ മാത്രമാണ് ഇന്നലെ നൽകാനായ വാക്സീൻ. ഓണത്തിനുണ്ടായ തിരക്കും ഇതിലൂടെയുള്ള വ്യാപനവും മൂലം ഇനിയുള്ള ദിവസങ്ങളിൽ  കണക്കുകൾ ഉയരാനിടയുണ്ട്. 

സംസ്ഥാനത്ത് ഇന്ന് 10,402 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂര്‍ 1007, കണ്ണൂര്‍ 778, കൊല്ലം 766, ആലപ്പുഴ 644, തിരുവനന്തപുരം 484, കോട്ടയം 415, പത്തനംതിട്ട 338, ഇടുക്കി 275, വയനാട് 265, കാസര്‍ഗോഡ് 243 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 66 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,494 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9674 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 572 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1482, കോഴിക്കോട് 1326, പാലക്കാട് 776, എറണാകുളം 1075, തൃശൂര്‍ 998, കണ്ണൂര്‍ 717, കൊല്ലം 763, ആലപ്പുഴ 637, തിരുവനന്തപുരം 441, കോട്ടയം 370, പത്തനംതിട്ട 326, ഇടുക്കി 272, വയനാട് 256, കാസര്‍ഗോഡ് 235 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 14, പാലക്കാട് 9, വയനാട്, കാസര്‍ഗോഡ് 5 വീതം, തിരുവനന്തപുരം, പത്തനംതിട്ട 4 വീതം, കൊല്ലം, തൃശൂര്‍ 3 വീതം, കോട്ടയം, കോഴിക്കോട് 2 വീതം, എറണാകുളം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,586 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 725, കൊല്ലം 1244, പത്തനംതിട്ട 803, ആലപ്പുഴ 1170, കോട്ടയം 880, ഇടുക്കി 458, എറണാകുളം 7420, തൃശൂര്‍ 2289, പാലക്കാട് 2499, മലപ്പുറം 3092, കോഴിക്കോട് 2795, വയനാട് 542, കണ്ണൂര്‍ 1137, കാസര്‍ഗോഡ് 532 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,63,212 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 36,31,066 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,85,017 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,58,431 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,586 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1704 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios