Asianet News MalayalamAsianet News Malayalam

അരിക്കൊമ്പനെ പിടിക്കുന്നതിനോട് യോജിക്കാതെ ഹൈക്കോടതി; തീരുമാനിക്കാൻ അഞ്ചംഗ വിദ്ഗധ സമിതിയെ നിയോഗിക്കും

അഞ്ചംഗ വിദ്ഗധ സമിതിയെ വെച്ച് തീരുമാനമെടുക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. എന്നാല്‍ അരിക്കൊമ്പനെ ഉടൻ പിടികൂണമെന്ന് സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു. 

Kerala High Court considering the petition on capture wild elephan Arikomban nbu
Author
First Published Mar 29, 2023, 3:09 PM IST

കൊച്ചി: മൂന്നാർ ചിന്നക്കനാൽ മേഖലയുടെ സ്വൈര്യം കെടുത്തുന്ന അരിക്കൊമ്പനെ തൽക്കാലം വെടിവെച്ച് കൂട്ടിലടയ്ക്കേണ്ടെന്ന് ഹൈക്കോടതി. ആവശ്യമെങ്കിൽ നിരീക്ഷിക്കാൻ റേഡിയോ കോളർ ഘടിപ്പിക്കാം. വിഷയത്തെക്കുറിച്ച് പഠിക്കാൻ അഞ്ചംഗ വിദഗ്ധ സമിതിയേയും കോടതി നിയോഗിച്ചു. ആനയെ പിടിക്കാതെ മറ്റൊരു വഴിയുമില്ലെന്നായിരുന്നു സർക്കാർ നിലപാട്.

ഹൈക്കോടതി അനുകൂല നിലപാടെടുത്താൽ നാളെ പുലർച്ചെ നാലിന് അരിക്കൊമ്പനെ പൂട്ടാനുളള വനം വകുപ്പിന്‍റെ നീക്കത്തിനാണ് തിരിച്ചടിയേറ്റത്. കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടി കൂട്ടലടയ്ക്കുന്നതൊഴികെയുളള എന്ത് നിർദേശവും സർക്കാരിന് വയ്ക്കാമെന്ന് കോടതി പറ‍ഞ്ഞു. എത്രയാനകളെ ഇങ്ങനെ കെണിയിലാക്കുമെന്ന് ചോദിച്ച കോടതി, ഒരു കൊമ്പൻ പോയാൽ മറ്റൊന്ന് വരുമെന്നും പറഞ്ഞു. കാട്ടിലുളള മുഴുവൻ മൃഗങ്ങളേയും പിടികൂടി കൂട്ടിലടയ്ക്കാനാണോ ഉദ്യോഗസ്ഥർ ഒരുങ്ങുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. ഇക്കാര്യത്തിൽ ശാശ്വത പരിഹാരമാണ് തേടുന്നതെന്ന് വ്യക്തമാക്കിയ കോടതി, ചിന്നക്കനാലിലെ നിലവിലെ സാഹചര്യം പഠിക്കാനായി വിദഗ്ധ സമിതിയെ നിയോഗിച്ചു.  

Also Read: അരികൊമ്പൻ; എട്ടു സംഘങ്ങൾ തിരിഞ്ഞ് ദൗത്യം

ചിന്നക്കനാൽ അറിയാവുന്ന രണ്ടുന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ആനയുടെ പെരുമാറ്റവും പ്രകൃതവും തിരിച്ചറിയാൻ രണ്ട് വിദഗ്ധരും കോടതിയെ സഹായിക്കാൻ ഒരമിക്കസ് ക്യൂരിയും സംഘത്തിലുണ്ടാകും. അടുത്ത സിറ്റിങ്ങിന് മുമ്പ് ഇവർ നൽകുന്ന റിപ്പോർട്ട് അനുസരിച്ചാകും തുടർ നടപടി. ആന പ്രശ്നമുണ്ടാക്കിയാൽ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുളള നടപടികൾ സ്വീകരിക്കാം. ആനകളുടെ ആവാസ വ്യവസ്ഥയിൽ മനുഷ്യരെ കൊണ്ടുപോയി താമസിപ്പിച്ചവരാണ് ഇതിന് മറുപടി പറയേണ്ടതെന്ന് പറഞ്ഞ കോളനി 301 കോളനിയിലടക്കമുളളവരെ മാറ്റിപ്പാർ‍പ്പിക്കുന്നതാണ് ശാശ്വാത പരിഹാരമെന്നും പരാമർശിച്ചു. 

എന്നാൽ ആനയെ പിടികൂടി കൂട്ടിലടയ്ക്കുകയല്ലാതെ മറ്റു വഴിയില്ലെന്നായിരുന്നു സർക്കാരിന്‍റെ നിലപാട്. ജനങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് കേസിൽ കക്ഷി ചേർന്ന ചിന്നക്കനാൽ- ശാന്തമ്പാറ പഞ്ചായത്തും അറിയിച്ചു.  എന്നാൽ ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്നും ശാശ്വതപരിഹാരത്തിനാണ് ശ്രമമെന്നും കോടതി വ്യക്തമാക്കി. അരിക്കൊമ്പനെ പിടികൂടാൻ എത്തിയ പ്രത്യേക സംഘം കുറച്ച് ദിവസം കൂടി ചിന്നക്കനാലിൽ തുടരാൻ കോടതി ആവശ്യപ്പെട്ടു. വിദഗ്ധ സമിതിയുടെ റിപ്പോ‍ർട്ട് കിട്ടിയ ശേഷമാകും ആനയെ മയക്കുവെടിവെച്ച് പിടിക്കണോയെന്ന കാര്യത്തിൽ അന്തിമ ഉത്തരവ് ഉണ്ടാവുക. 

Follow Us:
Download App:
  • android
  • ios