കഴിഞ്ഞ മത്സരത്തിൽ തന്നെ പൂജ്യത്തിന് പുറത്താക്കിയ പ്രഫുൽ ഹിംഗെയുടെ ആദ്യ ഓവറിൽ തന്നെ തുടർച്ചയായ 4 സിക്സറുകൾ പറത്തിയാണ് വൈഭവ് തുടങ്ങിയത്.
ജയ്പൂർ: ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച് വീണ്ടും രാജസ്ഥാൻ റോയൽസിന്‍റെ കൗമാര താരം വൈഭവ് സൂര്യവംശി. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ വെറും 15 പന്തിൽ അർധ സെഞ്ച്വറി തികച്ച വൈഭവ് 36 പന്തില്‍ ഐപിഎല്ലിലെ രണ്ടാം സെഞ്ചുറി സ്വന്തമാക്കി. ടി20 ക്രിക്കറ്റിൽ മൂന്ന് തവണ 15 പന്തിലോ അതിൽ താഴെയോ പന്തുകളിൽ അർധ സെഞ്ച്വറി നേടുന്ന ലോകത്തിലെ ആദ്യ ബാറ്ററെന്ന റെക്കോര്‍ഡുും വൈഭവ് സ്വന്തമാക്കി. രണ്ട് തവണ 15 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ ഡൽഹി ക്യാപിറ്റൽസ് താരമായിരുന്ന ജേക്ക് ഫ്രേസർ മക്ഗുർക്കിന്‍റെ റെക്കോർഡാണ് വൈഭവ് ഇന്ന് മറികടന്നത്.
ഐപിഎല്ലിലെ വേഗമേറിയ മൂന്നാമത്തെ സെഞ്ചുറിയെന്ന റെക്കോര്‍ഡും വൈഭവ് ഇന്ന് സ്വന്തം പേരിലാക്കി. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ അരങ്ങേറിയ വൈഭവ് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 35 പന്തില്‍ സെഞ്ചുറി അടിച്ച് ഐപിഎല്ലില്‍ ഇന്ത്യൻ താരത്തിന്‍റെ വേഗമേറി സെഞ്ചുറിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.ഹൈദരാബാദിനെതിരായ വെടിക്കെട്ട് സെഞ്ചുറിയോടെ, ടി20 ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ നിന്ന് 1000 റൺസ് തികയ്ക്കുന്ന ബാറ്ററെന്ന റെക്കോർഡും വൈഭവ് സ്വന്തം പേരിലാക്കി. 473 പന്തുകളിൽ നിന്നാണ് വൈഭവ് 1000 റൺസ് തികച്ചത്. ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ 480 പന്തുകളില്‍ 1000 റണ്‍സ് തികച്ച മിച്ചല്‍ ഓവന്‍റെയും 520 പന്തില്‍ 1000 റണ്‍സടിച്ച ഓസ്ട്രേലിയന്‍ താരം ആന്‍ഡ്ര്യു സൈമണ്‍സിനെയുമാണ് വൈഭവ് പിന്നിലാക്കിയത്.
കഴിഞ്ഞ മത്സരത്തിൽ തന്നെ പൂജ്യത്തിന് പുറത്താക്കിയ പ്രഫുൽ ഹിംഗെയുടെ ആദ്യ ഓവറിൽ തന്നെ തുടർച്ചയായ 4 സിക്സറുകൾ പറത്തിയാണ് വൈഭവ് തുടങ്ങിയത്. ആ ഓവറിൽ മാത്രം 24 റൺസ് പിറന്നു. പരിക്കിന് ശേഷം ഹൈദരാബാദ് നിരയിൽ തിരിച്ചെത്തിയ നായകൻ പാറ്റ് കമ്മിൻസിനെയും ഇഷാൻ മലിംഗയെയും സിക്സറിന് പറത്തിയാണ് വൈഭവ് തന്‍റെ കരുത്തറിയിച്ചത്. വെറും 15 പന്തിൽ 7 സിക്സറുകളും ഒരു ഫോറുമടക്കമാണ് വൈഭവ് അർധ സെഞ്ച്വറിയിലെത്തിയത്. സാക്കിബ് ഹൊസൈനെതിരെ സിക്സും ഫോറും സിക്സും പറത്തി സെഞ്ചുറി പൂര്‍ത്തിയാക്കിയ വൈഭവ് തൊട്ടടുത്ത പന്തില്‍ പുറത്തായി. അഞ്ച് ഫോറും 12 സിക്സും അടങ്ങുന്നതാണ് വൈഭവിന്‍റെ വെടിക്കെട്ട് ഇന്നിംഗ്സ്. വൈഭവ് നേടിയ 103 റണ്‍സില്‍ 92 റണ്‍സും ബൗണ്ടറികളിലൂടെയായിരുന്നുവെന്നതും പ്രത്യേകതയാണ്.
