കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴയിൽ ടൂറിസ്റ്റ് ബസ്സിനെ മറികടക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവറെ ബസ് ജീവനക്കാർ മർദ്ദിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിലെ സഹായി ആംബുലൻസ് ഡ്രൈവർ സിറാജിനാണ് മർദ്ദനമേറ്റത്. അക്രമത്തിൽ പരുക്കേറ്റ ഡ്രൈവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ഏഴുമണിയോടെ കോഴിക്കോട്- കൊല്ലഗൽ ദേശീയ പാതയിൽ ഈങ്ങാപ്പുഴ അങ്ങാടിയ്ക്ക് സമീപമാണ് സംഭവം. ബസ് ക്ലീനര്‍ കൊടുവള്ളി പാറക്കുന്നേൽ ലിജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയെ എടുക്കാൻ പോവുകയായിരുന്നു ആംബുലൻസ്. നാട്ടുകാർ ബസ് തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചു. 

കോഴിക്കോട് നിന്നും ആംബുലൻസിനു എമർജൻസി വിളിച്ച പ്രകാരം കേസ് എടുക്കാൻ പോകുന്ന വഴി ഈങ്ങാപ്പുഴയിൽ വച്ച ഡിഎൽടി എന്ന ടൂറിസ്റ്റ് കമ്പനിയുടെ എൻഎൽ 01 ബി 1671 നമ്പർ ബസാണ് സൈഡ് കൊടുക്കാതിരുന്നത്. ഇത് ചോദ്യം ചെയ്തപ്പോൾ ബസിന്റെ ഡ്രൈവറും ക്ലീനറും ചേര്‍ന്ന് ആംബുലൻസ് ഡ്രൈവര്‍ക്കൊപ്പമുണ്ടായിരുന്നയാളെ മർദിച്ച് പരിക്കേല്പിക്കുകയായിരുന്നു. ആംബുലൻസിന് പിറകിലായി  ബൈക്കിൽ വന്നവർ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തിയിരുന്നു.