തൃശ്ശൂര്‍: ഓപ്പറേഷൻ തണ്ടറിന്റെ പേരിൽ ബുദ്ധിമുട്ടിച്ചാൽ തുറന്നാൽ ജനുവരി മുതൽ പണിമുടക്കുമെന്ന് ടൂറിസ്റ്റ് ബസ് ഉടമകളുടെ സംഘടന. പ്രതിഷേധത്തിന്റെ ഭാഗമായി ഈ മാസം 10 ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. ബസുകളുടെ അഭ്യാസത്തിന് പിന്നിൽ ഇവന്റ് മാനേജ്മെന്റ് കമ്പനികളാണെന്നാണ് ബസ് ഉടമകളുടെ വാദം.

ബസുകളിൽ അഭ്യാസത്തിന് പ്രേരിപ്പിക്കുന്നത് ഇവന്റ് മാനേജർമാരാണെന്നാണ് ബസുടമകളുടെ ആരോപണം. ഇവരുടെ നി‍ബന്ധത്താലാണ് അഭ്യാസ പ്രകടനങ്ങൾ നടക്കുന്നത്. ഇവരെ ഒഴിവാക്കാനുള്ള നടപടികൾ വേണം. ചെറിയ വിഭാഗം ആളുകൾ ചെയ്യുന്ന തെറ്റിന് എല്ലാ ബസുകളേയും ക്രൂശിക്കുന്നത് ശരിയല്ല. കൊല്ലം സംഭവത്തിൽ അഭ്യാസത്തിന് മൈതാനം വിട്ടു കൊടുത്തവർക്കെതിരെ നടപടി വേണമെന്നും  ബസുടമകൾ ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥർക്ക് ഒരു ദിവസം നിശ്ചിത സംഖ്യ പിഴയായി പിരിക്കണമെന്ന് ലക്ഷ്യമുണ്ടെന്നും ഇതിനായി ചെറിയ തെറ്റുകൾ പോലും പെരുപ്പിച്ച് കാണിക്കുകയാണെന്നും ബസുടമകൾ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് ഈ മാസം 10 ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. ബസ് പരിശോധന കർശനമായി തുടരുന്ന സാഹചര്യത്തിലാണ് തൃശ്ശൂരിൽ ബസുടമകൾ സംസ്ഥാന സമിതി യോഗം ചേർന്നത്.