കോഴിക്കോട്: സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് ഇതുവരെ 19 മരണം.  ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഇന്നും (വെള്ളിയാഴ്ച) അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണത്തിന്‍റെ അറിയിപ്പ്. 

കോഴിക്കോട് ജില്ലയിലെ വിനോദസഞ്ചാര മേഖലകളിൽ ഡി ടി പി സി സഞ്ചാരികൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി. അരിപ്പാറ, തുഷാരഗിരി, സരോവരം എന്നിവിടങ്ങളിൽ സന്ദർശകരെ അനുവദിക്കില്ല. കോഴിക്കോട്, ബേപ്പൂർ, വടകര ബീച്ചുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തി.  കോഴിക്കോട് കണ്ണാടിക്കലില്‍ വെള്ളത്തില്‍ വീണ് ഒരാള്‍ മരിച്ചു. 

കോഴിക്കോട് ജില്ലയിലെ പ്രധാന നദികള്‍ കരകവിഞ്ഞതോടെ കനത്ത ജാഗ്രത തുടരുകയാണ്. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മന്ത്രി ടിപി രാമകൃഷ്ണന്‍റെ നേതൃത്വത്തില്‍ ഇന്ന് ഉച്ചയോടെ കലക്ടറേറ്റില്‍ യോഗം ചേരും. ഇന്നും കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.