തിരുവനന്തപുരം: എസ്എൻഡിപി ട്രസ്റ്റിന്‍റെ എല്ലാ പണമിടപാടുകളും അന്വേഷിക്കണമെന്ന് മുൻ ഡിജിപി ടി പി സെൻകുമാർ. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് മുൻ ഡിജിപി ഉന്നയിച്ചത്.എസ്എൻഡിപിക്ക് കീഴിലുള്ള സ്ഥാപനങ്ങളിൽ വ്യാപകമായ അഴിമതിയാണ് നടക്കുന്നതെന്ന് മുൻ ഡിജിപി തിരുവനന്തപുരത്ത് വിളിച്ച വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സുഭാഷ് വാസുവും സെൻകുമാറിനൊപ്പം വാർത്താ സമ്മേളനത്തിൽ ഉടനീളം ഉണ്ടായിരുന്നു. എസ്എൻഡിപി ട്രസ്റ്റിന്‍റെ എല്ലാ പണമിടപാടുകളും അന്വേഷിക്കണമെന്നാണ് മുൻ ഡിജിപിയുടെ ആവശ്യം.

എസ്എൻഡിപി ട്രസ്റ്റിന്‍റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിഷനും നിയമനത്തിനുമായി വെള്ളാപ്പള്ളി 1600 കോടി കൈപ്പറ്റിയെന്ന ഗുരുതരമായ ആരോപണമാണ് സെൻകുമാ‌ർ ഉന്നയിക്കുന്നത്. റവന്യു ഇന്റലിജൻസും ആദായ നികുതി വകുപ്പും ഇക്കാര്യം അന്വേഷിക്കണമെന്ന് സെൻകുമാ‌ർ ആവശ്യപ്പെട്ടു. കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലെ പണമിടപാടിനെ കുറിച്ചും എൻഫോഴ്സമെന്‍റ് വിഭാഗം അന്വേഷിക്കണമെന്ന് സെൻകുമാ‌ർ പറഞ്ഞു. 

 എസ്എൻഡിപി ട്രസ്റ്റിന്‍റെ ശാഖകൾ പലതും വ്യാജമാണെന്നും വെള്ളാപ്പള്ളി വീണ്ടും വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത് ക്രമക്കേടിലൂടെയാണെന്നും സെൻകുമാ‌ർ ആരോപിച്ചു. വെള്ളാപ്പള്ളിയെ എതിർക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്നുവെന്നും ദരിദ്ര സമൂഹത്തെ പിഴിഞ്ഞ് വെള്ളാപ്പള്ളി പണമുണ്ടാക്കുകയാണെന്നും സെൻകുമാർ ആരോപിക്കുന്നു. 

എസ്എൻഡിപി തെരഞ്ഞെടുപ്പ് സുതാര്യമാകണമെന്ന്  ആവശ്യപ്പെട്ട സെൻകുമാ‌‌ർ ഇതിനായി വെള്ളാപ്പള്ളിയും കുടുംബവും ഇത്തവണ തെരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കണമെന്നും സെൻകുമാ‌ർ ആവശ്യപ്പെട്ടു. വെള്ളാപ്പള്ളിയെ എതിർക്കുന്ന ശാഖകളെ വിഭജിക്കുകയോ അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ‌ഭരണത്തിന് കീഴിലാക്കുകയോ ചെയ്യുകയാണ് രീതിയെന്ന് സെൻകുമാ‌ർ പറയുന്നു. 

മൈക്രോ ഫിനാൻസിൻ നിന്നും പണം എടുത്ത് വട്ടപ്പലിശയ്ക്ക് കൊടുക്കുന്നുവെന്നും സെൻകുമാ‌ർ ആരോപിച്ചു. ‌പണമാണ് ഗുരു എന്നായപ്പോഴാണ് ഇതിൽ ഇടപെടുന്നതെന്നും സെൻകുമാ‌ർ വിശദീകരിച്ചു. എസ്എൻഡിപി യോഗം ജഡ്ജിയുടെ കീഴിലുള്ള അഡ്മിനിസ്റ്റേർ ഭരണത്തിലാക്കിയ ശേഷം തെരഞ്ഞെടുപ്പ് നടത്തണമെന്ന് സെൻകുമാർ വാ‌ർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.