തിരുവനന്തപുരം: പ്രളയദുരിതത്തിനും സാമ്പത്തിക ഞെരുക്കത്തിനുമിടെ ഒരു കോടിയോളം രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാര്‍ക്ക് പരിശീലനം നല്‍കി സർക്കാർ. വിവാദം ഭയന്ന് കഴിഞ്ഞ മാസം നടത്തേണ്ടിയിരുന്ന പരിപാടി സെപ്റ്റംബറിലേക്ക് മാറ്റുകയായിരുന്നു.

പരിശീലനവും കാര്യക്ഷമത വര്‍ധിപ്പിക്കലും എന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരത്ത് എഞ്ചിനീയേഴ്സ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ആഗസ്റ്റ് 23 മുതൽ 25 വരെ നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ, പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ തീയതി നീട്ടുകയായിരുന്നു. ഈ മാസം 27 മുതൽ 29 വരെയാണ് പരിശീലനം നടത്തുക.

ഹാള്‍, പന്തല്‍, ഭക്ഷണ ഇനത്തില്‍ മൊത്തം 69 ലക്ഷം രൂപയാണ് ചെലവാകുക. ആദ്യ ഗഡുവായി 45 ലക്ഷം രൂപ അനുവദിച്ചതായി ജോയിൻ സെക്രട്ടറി നല്‍കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. മറ്റൊരു 30 ലക്ഷം രൂപ ടിഎഡിഎ, താമസ ഇനത്തില്‍ ചെലവിടേണ്ടിവരും. അങ്ങനെ ആകെ ഒരു കോടിയോളം രൂപയാണ് പരിശീലനത്തിന് ചെലവാകുക.

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് കാര്യക്ഷമത വര്‍ധിപ്പിക്കാനെന്ന പേരില്‍ ഉദ്യോഗസ്ഥരെ മുഴുവന്‍ മൂന്ന് ദിവസം തിരുവനന്തപുരത്ത് എത്തിച്ച് കോണ്‍ഗ്രസ് നടത്തുന്നത്. പ്രളയവുമായി ബന്ധപ്പെട്ട പുനര്‍നിര്‍മ്മാണം ഇതുവരെ തുടങ്ങിയിട്ടില്ലെന്ന പരാതിയും വ്യാപകമായി ഉയരുന്നതിനിടെയാണ് പരിപാടി സംഘടിപ്പിക്കാനൊരുങ്ങുന്നത്.

പ്രളയത്തിലുണ്ടായ നഷ്ടത്തിന്‍റെ കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ പോലും പൊതുമരാമത്ത് വകുപ്പിനായിട്ടില്ല. ഇതിനിടയിലാണ് ഒരു കോടിയോളം രൂപ ഖജനാവില്‍ നിന്ന് ചെലവിട്ട് കോൺഫറൻസ് നടത്തുന്നത്. പ്രളയസെസ്സും മറ്റുമായി പൊതുജനത്തെ പിഴിയുമ്പോള്‍ സര്‍ക്കാര്‍ കാര്യത്തില്‍ മാത്രം ഒരു മുണ്ടുമുറുക്കലുമില്ല.