ദേഹത്ത് ബാധയുണ്ടെന്ന് പറഞ്ഞാണ് കയ്യിൽ കർപ്പൂരം വച്ച് കത്തിച്ചതെന്നാണ് പരാതി. കൂടെ താമസിക്കുന്നയാളായതിനാൽ ആദ്യം പരാതിപ്പെടാൻ പേടിയായിരുന്നുവെന്നും യുവതി പറയുന്നു.
കൊച്ചി: തൃക്കാക്കരയില്‍ ട്രാന്‍സ്ജെൻഡർ യുവതിയെ (Transgender) സുഹൃത്ത് ഉപദ്രവിച്ചതായി പരാതി. കൂടെ താമസിച്ചിരുന്ന മറ്റൊരു ട്രാൻസ്ജെൻഡറാണ് യുവതിയുടെ കയ്യിൽ കർപ്പൂരം കത്തിച്ച് പൊള്ളിച്ചത്. ട്രാൻസ് യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ട്രാൻസ് കമ്മ്യൂണിറ്റിയിലുള്ള അർപ്പിതയെന്ന വ്യക്തിയാണ് തന്നെ ആക്രമിച്ചതെന്നാണ് ഇരയായ ട്രാൻസ് യുവതി പറയുന്നത്. രണ്ട് പേരും ഒരുമിച്ചായിരുന്നു താമസം. ദേഹത്ത് ബാധയുണ്ടെന്ന് പറഞ്ഞാണ് കയ്യിൽ കർപ്പൂരം വച്ച് കത്തിച്ചതെന്നാണ് യുവതി പറയുന്നത്. ആ സമയത്ത് തനിക്ക് പ്രതികരിക്കാൻ പറ്റിയില്ലെന്നും താമസം ഒരുമിച്ചായതിനാൽ തന്നെ പ്രതികരിക്കാൻ പേടിയായിരുന്നുവെന്നുമാണ് യുവതിയുടെ വിശദീകരണം. അന്ന് തന്നെ ആശുപത്രിയിൽ പോകാൻ നോക്കിയെങ്കിലും കേസാകുമെന്ന് പേടിച്ച് പോവാൻ സമ്മതിച്ചില്ല, അവർ തന്നെ മരുന്ന് വാങ്ങി വന്ന് വച്ച് തന്നു.
പിന്നീട് കൈക്ക് നീര് വന്നതോടെ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. അഞ്ച് ദിവസത്തോളം ആശുപത്രിയിൽ കിടക്കേണ്ടി വന്നു. സ്വയം കൈ പൊള്ളിച്ചുവെന്നാണ് ആശുപത്രിയിൽ നൽകിയ വിശദീകരണം. ഇപ്പോൾ അവരുടെ അടുത്തല്ല താമസം. അതാണ് പരാതിപ്പെടാൻ ധൈര്യം കിട്ടിയത്. എത്ര കാലം ഇത് മറച്ചുവച്ച് നടക്കുമെന്ന കരുതിയാണ് ഇപ്പോൾ പരാതി നൽകിയതെന്ന് ആക്രമത്തിനിരയായ ട്രാൻസ് യുവതി പറയുന്നു.
