സിസ തോമസിനെതിരെയും മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയ്ക്കെതിരെയും മുൻ മന്ത്രി പി രാജീവ് രൂക്ഷവിമർശനം ഉന്നയിച്ചു. വിസി സ്ഥാനത്ത് നിന്ന് സിസയെ മാറ്റണമെന്നും മുഖ്യമന്ത്രിയുടെ യാത്രകളിലെ സുതാര്യത ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൻകിട പദ്ധതികൾക്ക് ശേഷമുള്ള മുഖ്യമന്ത്രിയുടെ യാത്രകൾ നിഗൂഢമാണെന്നും രാജീവ് ആരോപിച്ചു.

കൊച്ചി: സിസ തോമസിനെതിരെയും മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയ്ക്കെതിരെയും രൂക്ഷവിമർശനവുമായി മുൻ മന്ത്രി പി രാജീവ്. സിസ തോമസ് കോടതിയെയും പൊതുസമൂഹത്തെയും വെല്ലുവിളിക്കുകയാണെന്നും മനുഷ്യാന്തസ് തെല്ലും തൊട്ടുതീണ്ടിയിട്ടില്ലാത്ത ആളാണ് താനെന്ന് അവർ ഒരിക്കൽകൂടി തെളിയിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്നലെ പറഞ്ഞതിൽ നീതിയുണ്ടെങ്കിൽ വിസിയുടെ അപ്പീലിൽ സിൻഡിക്കേറ്റ് കക്ഷി ചേരില്ലെന്ന് ഹൈക്കോടതിയെ അറിയിക്കണമെന്ന് പി രാജീവ് ആവശ്യപ്പെട്ടു.

അധ്യാപികയാകാൻ പോലും യോഗ്യതയില്ലാത്ത സിസ തോമസിനെ മാറ്റണമെന്ന് ഗവർണറോട് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ആവശ്യപ്പെടണം. കേരളീയ പൊതുബോധം കുട്ടികൾക്കൊപ്പമാണെന്നും കുട്ടികളുടെ ഭാവി ഇനിയും വേട്ടയാടാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയ്ക്കെതിരെയും പി രാജീവ് ആഞ്ഞടിച്ചു. കേട്ടുകേൾവിയില്ലാത്ത രീതിയിലാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രി എവിടെ പോകുന്നു, എങ്ങനെ പോകുന്നു എന്നത് സംബന്ധിച്ച വ്യക്തമായ സുതാര്യത വേണം. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് മംഗലാപുരത്തേക്ക് നടത്തിയ യാത്ര ദുരൂഹമാണെന്നും ആരാണ് ആ യാത്ര സ്പോൺസർ ചെയ്തതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓരോ കമ്പനികൾ പ്രത്യേകമായുള്ള വിമാനങ്ങൾ ഏർപ്പാട് ചെയ്യുകയാണ്. അതാരാണെന്ന് മുഖ്യമന്ത്രി പറയാതെ ജനങ്ങളെ വെല്ലുവിളിക്കുന്നു. ആരുടെയെങ്കിലും സ്പോൺസർഷിപ്പിലല്ല ഒരു സർക്കാർ പ്രവർത്തിക്കേണ്ടതെന്നും വൻകിട പദ്ധതികൾ പ്രഖ്യാപിച്ചതിനുശേഷമുള്ള യാത്ര അങ്ങേയറ്റം നിഗൂഢമാണെന്നും പി. രാജീവ് ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ ജനങ്ങളുടെ മുൻപിൽ വസ്തുതകൾ വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.