ഡ്രൈവർ രാമചന്ദ്രനും കണ്ടക്ടർ നവാസും സമയോചിതമായി ഇടപെട്ട് കുഞ്ഞിനെ വീട്ടിലെത്തിച്ചതോടെ വലിയ അപകടം ഒഴിവായി. ഗതാഗത മന്ത്രിയും മോട്ടോർ വാഹന വകുപ്പും ജീവനക്കാരെ അഭിനന്ദിച്ചു.
മലപ്പുറം: മലപ്പുറം പുളിക്കലിൽ റോഡിൽ മുട്ടിലിഴഞ്ഞ കുഞ്ഞിന്‍റെ രക്ഷകരായ ബസ് ജീവനക്കാരെ അഭിനന്ദിച്ച് ഗതാഗത മന്ത്രി സി പി ജോൺ. ബസ് ജീവനക്കാരെ ഫോണിൽ വിളിച്ചാണ് ഗതാഗത മന്ത്രി അഭിനന്ദനം അറിയിച്ചത്. ബസിന്റെ ഡ്രൈവർ രാമചന്ദ്രനെയാണ് മന്ത്രി സി പി ജോൺ ഫോണിൽ വിളിച്ചത്.
കൊണ്ടോട്ടി പുളിക്കൽ റോഡിൽ വലിയപറമ്പിലിൽ ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. നടുറോഡിൽ മുട്ടിൽ ഇഴയുന്ന പിഞ്ചുകുഞ്ഞിനെ കണ്ട് ഡ്രൈവർ രാമചന്ദ്രൻ ബസ് നിർത്തുകയായിരുന്നു. ബസിൽ നിന്ന് ഇറങ്ങിയ കണ്ടക്ടർ നവാസ് കുഞ്ഞിനെ കൈയിൽ എടുത്ത് വീട്ടിൽ ഏൽപ്പിച്ചതോടെ വലിയ അപകടം ഒഴിവായി. ബസിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളിലൂടെയാണ് തികച്ചും ഭീതിജനകമായ രംഗം പുറംലോകം അറിയുന്നത്.
ബസ് ജീവനക്കാരെ അഭിനന്ദിച്ച് മോട്ടോർ വാഹന വകുപ്പും രംഗത്തെത്തി. പുതിയിടത്തുപറമ്പ് - ഫറോക്ക് റൂട്ടിൽ സർവീസ് നടത്തുന്ന സഫാ മർവാ ബസിലെ ജീവനക്കാരായ ഡ്രൈവർ രാമചന്ദ്രൻ, കണ്ടക്ടർ നവാസ് എന്നിവർക്കാണ് അഭിനന്ദനം. സമയോചിതമായി ബസ് നിർത്തുകയും മറ്റ് അപകടങ്ങൾ കൂടാതെ പിഞ്ചുകുഞ്ഞിൻ്റെ ജീവൻ രക്ഷിക്കുകയും ചെയ്ത ശ്രീരാമചന്ദ്രനും നവാസിനും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്കിൽ കുറിച്ചു. 'അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക' എന്നത് തന്നെയാണ് ഡ്രൈവിങ്ങിൽ ഉടനീളം പാലിക്കേണ്ട മനോഭാവമെന്നും മോട്ടോർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടി.
