പരിശോധനകള്‍ക്കായി മൂന്ന് സമിതികളെ നിയോഗിച്ചു. യോഗ്യത ഇല്ലാത്തവര്‍ ചികിത്സ നടത്തുന്നതായി ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു
തിരുവനന്തപുരം: വ്യാജ ചികിത്സകരെ കണ്ടെത്താൻ നടപടിയുമായി ട്രാവൻകൂര്‍ കൊച്ചിൻ മെഡിക്കല്‍ കൗണ്‍സില്‍. പരിശോധനകള്‍ക്കായി മൂന്ന് സമിതികളെ നിയോഗിച്ചു. യോഗ്യത ഇല്ലാത്തവര്‍ ചികിത്സ നടത്തുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സംസ്ഥാനത്ത് വ്യാജ ചികില്‍സ പെരുകുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കൗണ്‍സിലിന്‍റെ നടപടി. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും അടിസ്ഥാന യോഗ്യത പോലും ഇല്ലാത്തവര്‍ ചികില്‍സ നടത്തുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.ഇല്ലാത്ത യോഗ്യത പ്രദര്‍ശിപ്പിച്ച് ചികില്‍സ നടത്തുന്നവരുമുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചത്.
സംസ്ഥാനത്തെ മൂന്ന് മേഖലകളായി തിരിച്ചാണ് ഡോക്ടര്‍മാരടങ്ങുന്ന സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്. മെഡിക്കല്‍ കൗണ്‍സില്‍ അംഗങ്ങളായ അലോപ്പതി ഡോക്ടര്‍മാരും രജിസ്ട്രാറും അടങ്ങുന്നതാണ് പരിശോധന സംഘം.
പ്രാക്ടീസ് ചെയ്യുന്നവരെല്ലാം മെഡിക്കല്‍ കൗണ്‍സിൽ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന ഉത്തരവും നല്‍കിയിട്ടിണ്ട്. മാത്രവുമല്ല കൗണ്‍സില്‍ നല്‍കുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്ത് പൊതുജനത്തിന് കാണത്തക്ക വിധം പ്രദർശിപ്പിക്കുകയും വേണമെന്നും ഉത്തരവില്‍ പറയുന്നു.

