ശബരിമലയ്ക്കായി ക്യാൻ ഫാക്ടറി, വാരണാസിയിലെ സത്രം പുനർ നിർമ്മിക്കും തുടങ്ങിയ പ്രഖ്യാപനങ്ങൾക്കൊപ്പം ഹൈന്ദവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് മിച്ച ബജറ്റെന്ന് പ്രസിഡന്റ് അനന്തഗോപൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 1257 കോടി രൂപയാണ് ദേവസ്വം ബോർഡ് വരുമാനം. 1253 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ശബരിമലയ്ക്കായി 21 കോടി രൂപ നീക്കിവെച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു.

മറ്റ് ക്ഷേത്രങ്ങൾക്ക് 35 കോടി രൂപയാണ് ദേവസ്വം ബോർഡ് നീക്കിവെക്കുന്നത്. ശബരിമലയ്ക്ക് 17 കോടി രൂപയുടെ അരവണ കണ്ടെയ്‌നർ ആവശ്യമാണ്. ഈ അധിക ചെലവ് പരിഹരിക്കാൻ 10 കോടി രൂപയ്ക്ക് ക്യാൻ ഫാക്ടറി സ്ഥാപിക്കാൻ തീരുമാനമായി. ഇതിന്റെ പ്രാരംഭ നടപടികൾക്കായി നാല് കോടി രൂപ വകയിരുത്തി. പത്തനംതിട്ടയിലെ തിരുവല്ലയിൽ ക്യാൻ ഫാക്ടറി സ്ഥാപിക്കും. 

ദേവസ്വം ബോർഡ് ഗ്യാസ് ഏജൻസി തുടങ്ങുമെന്നും പ്രസിഡന്റ് അറിയിച്ചു. വാരണാസിയിലെ ബോർഡ് വക സത്രം പുതുക്കി പണിയും. 2.5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നന്ദൻകോട് പെട്രോൾ പമ്പ് തുടങ്ങാൻ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. പന്തളത്ത് അയ്യപ്പഭക്തർക്ക് സൗകര്യം വർധിപ്പിക്കും. പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിനായി മാസ്റ്റർ പ്ലാൻ രൂപീകരിക്കും. 2 കോടി രൂപ ഇതിനായി വകയിരുത്തി.

ശബരിമലയിലും പമ്പയിലും ശൗചാലയങ്ങളുടെ വലിയ കെട്ടിടം സ്ഥാപിക്കുന്നതിന് 2 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഹിന്ദു വിഭാഗത്തിൻ്റെ ഉന്നമനത്തിനായി പ്രവർത്തനം നടത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. 70 വയറ്റിന് മുകളിലുള്ള ഹിന്ദുക്കൾക്കായി വ്യദ്ധസദനം തുടങ്ങും. കൈവശമുള്ള കെട്ടിടം നവീകരിച്ച് പ്രവർത്തനം തുടങ്ങും. അടുത്ത തീർത്ഥാടന കാലത്തിനു മുൻപ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. വൃദ്ധസദനം നടത്തികൊണ്ടു പോകാൻ സാമ്പത്തിക പ്രയാസം ഉണ്ടാകില്ലെന്നും പ്രസിഡന്റ് അറിയിച്ചു.

YouTube video player