നിരോധിത ലഹരിമരുന്നായ എംഡിഎംഎ കൈവശം വെച്ച കേസിൽ അറസ്റ്റിലായ ട്രാവൻകൂർ ടൈറ്റാനിയം ഉദ്യോഗസ്ഥൻ എം.ഐ നജീബ് ഖാനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. കമ്പനിയുടെ സൽപ്പേരിന് കളങ്കം വരുത്തിയതിനും അന്വേഷണത്തെ ബാധിക്കുമെന്ന വിലയിരുത്തലിലുമാണ് നടപടി. സംഭവത്തിൽ കമ്പനി നജീബ് ഖാനോട് വിശദീകരണം തേടിയിട്ടുണ്ട്.
തിരുവനന്തപുരം: നിരോധിത ലഹരിമരുന്നായ എംഡിഎംഎ കൈവശം വെച്ച കേസിൽ അറസ്റ്റിലായ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിലെ ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ടൈറ്റാനിയം കമ്പനി സ്റ്റോർസ് സീനിയർ സൂപ്രണ്ടായിരുന്ന എം.ഐ നജീബ് ഖാനെയാണ് സസ്പെൻഡ് ചെയ്തത്. വ്യാഴാഴ്‌ച വൈകുന്നേരം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നജീബ് ഖാനെ പിടികൂടിയത്. നാല് ഗ്രാം എംഡിഎംഎ കൈവശം വെച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മുൻ സന്തോഷ് ട്രോഫി താരം കൂടിയാണ് നജീബ് ഖാൻ.
മാധ്യമ വാർത്തകളിലൂടെയും മറ്റ് വിശ്വസനീയമായ സ്രോതസ്സുകളിലൂടെയും അറസ്റ്റ് വിവരം അറിഞ്ഞതിനെ തുടർന്നാണ് നടപടിയെന്ന് സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു. നജീബ് ഖാൻ ജോലിയിൽ തുടരുന്നത് കമ്പനിയുടെ അച്ചടക്കത്തെ ബാധിക്കുമെന്നും അന്വേഷണത്തെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ടെന്നും മാനേജ്‌മെന്റ് വിലയിരുത്തി. സംഭവത്തിൽ ഇദ്ദേഹത്തോട് വിശദീകരണം തേടിയിട്ടുണ്ട്. നജീബ് ഖാന്റെ പ്രവർത്തി കമ്പനിയുടെ സേവന നിയമങ്ങളുടെ ജീവനക്കാർ പാലിക്കേണ്ട ചട്ടങ്ങളുടെയും ലംഘനമാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. കമ്പനിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതും നിയമവിരുദ്ധവുമായ ഇത്തരം പ്രവർത്തികൾ ഗുരുതരമായ വീഴ്ചയായാണ് കണക്കാക്കുന്നതെന്നും ഉത്തരവിലുണ്ട്. മൂന്ന് ദിവസത്തിനകം രേഖാമൂലം വിശദീകരണം നൽകാൻ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കൂടുതൽ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കും. അന്വേഷണം പൂർത്തിയാകുന്നത് വരെ ഉടനടി പ്രാബല്യത്തോടെയാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.


