Asianet News MalayalamAsianet News Malayalam

യാത്രാപ്പടി വിവാദം: വനം കോര്‍പ്പറേഷനില്‍ പോര് മുറുകുന്നു; പണമടയ്ക്കണമെന്ന് എംഡി, സ്വകാര്യ യാത്രയല്ലെന്ന് ലതിക

കോര്‍പറേഷന്‍ അധ്യക്ഷ ലതിക സുഭാഷ് നടത്തിയ സ്വകാര്യ യാത്രകള്‍ക്ക് ചെലവായ പണം തിരിച്ചടയ്ക്കണമെന്ന് എംഡി പ്രകൃതി ശ്രീവാസ്തവ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. എന്നാല്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി നടത്തിയ യാത്രയെ സ്വകാര്യ യാത്രയായി ചിത്രീകരിക്കുകയാണെന്നാണ് ലതിക സുഭാഷിന്‍റെ വിശദീകരണം.
 

travel allowance controversy fighting rages in forest corporation
Author
Thiruvananthapuram, First Published Jun 28, 2022, 7:46 PM IST

തിരുവനന്തപുരം: വനം വികസന കോര്‍പറേഷനില്‍ എംഡിയും ചെയര്‍പേഴ്സനും തമ്മിലുളള പോര് കനക്കുന്നു. കോര്‍പറേഷന്‍ അധ്യക്ഷ ലതിക സുഭാഷ് നടത്തിയ സ്വകാര്യ യാത്രകള്‍ക്ക് ചെലവായ പണം തിരിച്ചടയ്ക്കണമെന്ന് എംഡി പ്രകൃതി ശ്രീവാസ്തവ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. എന്നാല്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി നടത്തിയ യാത്രയെ സ്വകാര്യ യാത്രയായി ചിത്രീകരിക്കുകയാണെന്നാണ് ലതിക സുഭാഷിന്‍റെ വിശദീകരണം.

കെപിസിസി ഓഫിസിനു മുന്നില്‍ തല മൊട്ടയടിച്ച് കോണ്‍ഗ്രസില്‍ നിന്നിറങ്ങി എന്‍സിപിയില്‍ ചേര്‍ന്ന ലതിക സുഭാഷിന് ഇടതുമുന്നണി ആറു മാസം മുമ്പാണ് വനം വികസന കോര്‍പറേഷന്‍ അധ്യക്ഷ സ്ഥാനം നല്‍കിയത്. അധ്യക്ഷയായി ലതിക വന്നതു മുതല്‍ കോര്‍പറേഷന്‍ എംഡി പ്രകൃതി ശ്രീവാസ്തവയുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങളാണ് പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത്. ലതിക സ്വകാര്യ ആവശ്യങ്ങള്‍ക്ക് കോര്‍പറേഷന്‍ വാഹനം ഉപയോഗിക്കുന്നെന്ന പരാതിയുമായി ആദ്യം രംഗത്തു വന്നത് കോര്‍പറേഷനിലെ  സിഐടിയു യൂണിയന്‍.  ഈ പരാതിയുടെ കൂടി അടിസ്ഥാനത്തിലാണ് ലതിക  97140 രൂപ തിരികെ അടയ്ക്കണമെന്ന് പ്രകൃതി ശ്രീവാസ്തവ കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. എന്നാല്‍ 3500 രൂപ മാത്രമാണ് യാത്രാപ്പടി ഇനത്തില്‍ താന്‍ കൈപ്പറിയതെന്നാണ് ലതികയുടെ വിശദീകരണം.

എന്നാല്‍ മുന്‍ ഗവര്‍ണര്‍ ശങ്കരനാരായണനടക്കം രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരുടെ മരണാനന്തര ചടങ്ങുകളിലേക്കുളള തന്‍റെ യാത്രയെ സ്വകാര്യ യാത്രയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നെന്നാണ് ലതിക സുഭാഷിന്‍റെ മറുപടി. പൊതുപ്രവര്‍ത്തകയായൊരാള്‍ ഇത്തരം ചടങ്ങുകളില്‍ കോര്‍പറേഷന്‍ വാഹനത്തില്‍ പോകുന്നത് അപരാധമോ അഴിമതിയോ ആയി കാണുന്നില്ലെന്നും ലതിക വിശദീകരിക്കുന്നു.

പി.സി.ചാക്കോ പക്ഷക്കാരിയായ ലതികയ്ക്കെതിരെ എന്‍സിപിയില്‍ ഉളള ആഭ്യന്തരമായ പ്രശ്നങ്ങളും ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ജൂണ്‍ 30നകം  പണം തിരികെ അടയ്ക്കാനാണ്   പ്രകൃതി ശ്രീവാസ്തവ ലതികയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഈ പണം തിരികെ അടയ്ക്കുമോ എന്ന കാര്യം ലതിക വ്യക്തമാക്കിയിട്ടില്ല. പിശകുണ്ടെങ്കില്‍ തിരുത്തുമെന്ന് മാത്രമാണ് വാര്‍ത്താക്കുറിപ്പിലെ സൂചന. വനം മന്ത്രിയാകട്ടെ ഇനിയും പ്രശ്നത്തില്‍ ഇടപെടാന്‍ തയാറായിട്ടുമില്ല.

Follow Us:
Download App:
  • android
  • ios