Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് അർധരാത്രി മുതൽ ട്രോളിങ് നിരോധനം; 52 ദിവസത്തേക്ക് ആഴക്കടൽ മൽസ്യബന്ധനത്തിന് വിലക്ക്

ലോക്ക്ഡൗൺ ദുരിതത്തിലും ഇന്ധന വിലവർദ്ധനവിലും ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ഈ ട്രോളിങ്ങ് നിരോധന കാലത്ത് സർക്കാർ കൂടുതൽ സഹായം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.

trawling ban starts today
Author
Thiruvananthapuram, First Published Jun 9, 2021, 12:15 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം. 52 ദിവസത്തേക്കാണ് യന്ത്രവൽകൃത മൽസ്യബന്ധന യാനങ്ങളെ ആഴക്കടൽ മൽസ്യബന്ധനത്തിൽ നിന്ന് വിലക്കിയിട്ടുള്ളത്. മൽസ്യങ്ങളുടെ പ്രജനനകാലം എന്നത് കണക്കിലെടുത്താണ് ആഴക്കടൽ മൽസ്യബന്ധനത്തിനുള്ള നിരോധനം.

ബോട്ടുകൾ കടലിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രധാന തുറമുഖങ്ങളിൽ മറൈൻ എൻഫോഴ്സ്മെൻറ് പരിശോധന ശക്തമാക്കി. ലോക്ക്ഡൗൺ ദുരിതത്തിലും ഇന്ധന വിലവർദ്ധനവിലും ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ഈ ട്രോളിങ്ങ് നിരോധന കാലത്ത് സർക്കാർ കൂടുതൽ സഹായം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.

കൊവിഡ് പ്രതിസന്ധി, ഡീസൽ വിലക്കയറ്റം എന്നിവയിൽ മത്സ്യത്തൊഴിലാളികൾ നട്ടം തിരിയുമ്പോഴാണ് ട്രോളിംഗ് നിരോധനം കൂടി എത്തുന്നത്. ഇളവുകൾ നേരത്തെ ലഭിച്ചെങ്കിലും ഇതര സംസ്ഥാനത്തൊഴിലാളികൾ നാട്ടിൽ പോയി മടങ്ങിയെത്താഞ്ഞതിനാൽ പല ബോട്ടുകളും കരയ്ക്ക് തന്നെയാണ്. ബോട്ടിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ മാത്രമല്ല, മറ്റ് അനുബന്ധ ജോലികൾ ചെയ്യുന്നവർക്കും ഇനി വറുതിയുടെ കാലമാണ്.

ഓരോ സീസണിലും നാല് ലക്ഷത്തോളം രൂപ മുടക്കിയാണ് ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. പണമില്ലാത്തതിനാൽ പണികൾ ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷ ഉടമകൾക്കില്ല. നിരോധന ശേഷമെങ്കിലും സര്‍ക്കാർ ഇന്ധന സബ്സിഡി നൽകിയില്ലെങ്കിൽ പിടിച്ചു നിൽക്കാനാവില്ലെന്നാണ് ബോട്ടുടമകളുടെ പക്ഷം.രണ്ട് മാസത്തോളം പണിയില്ലാതാകുമ്പോൾ കൂടുതൽ കടം വാങ്ങേണ്ടി വരുമോയെന്നാണ് ഇവരുടെ ആശങ്ക. എന്നാൽ പരമ്പരാഗത വള്ളങ്ങളിൽ പോയി മീൻ പിടിക്കുന്നവർക്ക് വിലക്കില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios