കാഞ്ഞങ്ങാട്ടെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ 12 തസ്തികകള്‍ സൃഷ്ടിച്ചതായി സത്യവാങ്മൂലത്തില്‍. 2021 ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത ആശുപത്രി ഇതുവരെ തുറന്ന് പ്രവര്‍ത്തിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം

കാസർകോട്: എന്‍ഡോസള്‍ഫാന്‍ (endosulfan) രോഗികള്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കണമെന്ന ഹര്‍ജിയില്‍ കേരള സര്‍ക്കാർ (kerala govt) സുപ്രീംകോടതിയില്‍ (supreme court) സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അര്‍ധസത്യങ്ങളുടെ കൂമ്പാരം. പരാതി നല്‍കിയ സെര്‍വ് കളക്ടീവ്സ് എന്ന സംഘടന തെറ്റായ സത്യവാങ്മൂലത്തിനിനെതിരെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ന്യൂറോളജിയില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ നടപ്പിലാക്കി എന്നാണ് സത്യവാങ്മൂലത്തില്‍. എന്നാല്‍ രണ്ട് ആശുപത്രികളിലും ഓരോ ന്യൂറോളജിസ്റ്റിനെ വീതം നിയമിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ഇലക്ട്രോ എന്‍സഫലോഗ്രാം മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ടെകനീഷ്യന്‍മാരില്ല. ഒരു ന്യൂറോളജി യൂണിറ്റില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനം നൽകുന്നതിന് മൂന്ന് ന്യൂറോളജിസ്റ്റുകളെങ്കിലും വേണം. ഒരു ഇന്‍റര്‍വെന്‍ഷന്‍ സ്ട്രോക് കെയര്‍ ലാബും വേണം. ത്രീതിയ പരിചരണം നല്കുന്നതിന് രണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുണ്ടെന്നും പരിയാരം മെഡിക്കല്‍ കോളേജ് കാസര്‍കോട് അതിർത്തിയില്‍ നിന്ന് 22 കിലോമീറ്റര്‍ മാത്രം അകലെയാണെന്നും സത്യവാങ്മൂലത്തില്‍.

എന്നാല്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്ന് രോഗിയെ റഫര്‍ ചെയ്യുമ്പോള്‍ 40 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം. എന്‍മകജെ പോലുള്ള എന്‍ഡോസള്‍ഫാന്‍ ദുരിത പ്രദേശങ്ങളിലെ രോഗികള്‍ക്കാവട്ടെ 90 മുതല്‍ 100 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കേണ്ട സാഹചര്യം. കാസര്‍കോട് മെഡിക്കല്‍ കോളേജിലാവട്ടെ കിടത്തി ചികിത്സ ഇല്ല. കാഞ്ഞങ്ങാട്ടെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ 12 തസ്തികകള്‍ സൃഷ്ടിച്ചതായി സത്യവാങ്മൂലത്തില്‍. 2021 ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത ആശുപത്രി ഇതുവരെ തുറന്ന് പ്രവര്‍ത്തിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം.