പത്തനംതിട്ട: പുതിയ അധ്യായന വർഷം തുടങ്ങി ഒരുമാസമായിട്ടും സ്കൂളിൽ ചേരാതെ ആദിവാസി കുട്ടികൾ. പത്തനംതിട്ട ശബരിമല വനമേഖലയിലെ ഏഴ് ആദിവാസി കുട്ടികളാണ് പഠിക്കാൻ താൽപര്യമുണ്ടായിട്ടും സ്കൂളിൽ ചേരാതെ വീട്ടിലിരിക്കുന്നത്. കുട്ടികളെ സ്കൂളിലെത്തിക്കുന്നതിനുള്ള യാതൊരു നടപടിയും ട്രൈബൽ വകുപ്പ് കൈക്കൊണ്ടിട്ടില്ലെന്നത് ശ്ര​ദ്ധേയമാണ്.

ആദിവാസി വിദ്യാർഥികളെ സ്കൂളിലെത്തിക്കാൻ വാഹന സൗകര്യം ഏര്‍പ്പാടാക്കുന്ന ഗോത്രസാരഥി ഉൾപ്പടെയുള്ള പദ്ധതികൾ ഉള്ളപ്പോഴാണ് യാത്ര പ്രശ്നത്തെ തുടർന്ന് വിദ്യാർഥികളുടെ പഠനം മുടങ്ങുന്നത്. സ്കൂളിൽ പോകാൻ ആ​ഗ്രഹമുണ്ടെങ്കിലും തുടർന്ന് പഠിക്കാൻ കഴിയാത്ത അവസ്ഥയിലാണ് തങ്ങളെന്ന് എഴാം ക്ലാസ് വരെ പഠിച്ച സജിത പറയുന്നു. തുടർന്ന് സ്കൂളിൽ പോകണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ എപ്പോൾ പോകാൻ കഴിയുമെന്നറിയില്ലെന്നും സജിത കൂട്ടിച്ചേർത്തു. 

കഴിഞ്ഞ വർഷം വരെ ട്രൈബൽ ഹോസ്റ്റലിൽ നിന്ന് പഠിച്ചിരുന്ന വിദ്യാർഥിയാണ് സുനിൽ. ആറാം ക്ലാസ് വരെ പോയ സുനിലിന് ഏഴാം ക്ലാസിൽ ചേരാൻ കഴിയാത്ത അവസ്ഥയാണ്. അവധിക്കാലം കഴിഞ്ഞ് സുനിൽ പിന്നീട് ഹോസ്റ്റലിലേക്ക് പോയിട്ടില്ല. ആറാം ക്ലാസ് വരെ പോയ സുശീലയുടെ അവസ്ഥയും ഇത് തന്നെയാണ്. മൂഴിയാർ സ്കൂളിലായിരുന്നു പഠിച്ചത്. അവധിക്കാലത്ത് അമ്മക്കൊപ്പം ളാഹക്ക് സമീപമുള്ള വനമേഖലയിലേക്ക് മാറി.

ളാഹമുതൽ പ്ലാപ്പള്ളിവരെ വനമേഖലയിൽ ഏഴ് കുട്ടികൾ ഈ അധ്യായനവർഷം സ്കൂളിലെത്തിയിട്ടില്ല. അഞ്ചാം ക്ലാസ് വരെ പഠിക്കാൻ അട്ടത്തോട് ട്രൈബൽ സ്കൂൾ ഉണ്ടെങ്കിലും തുടർന്ന് പഠിക്കാൻ ആങ്ങമൂഴിയോ, ചിറ്റാറോ ഉള്ള സ്കൂളുകളിൽ പോകണം. ഇവിടേക്ക് വാഹന സൗകര്യം കുറവാണ്. വനവിഭവങ്ങൾ ശേഖരിച്ച് ജീവിക്കുന്ന രക്ഷിതാക്കൾക്ക് കുട്ടികൾക്കൊപ്പം പോകാൻ കഴിയില്ല. എന്നാൽ ആദിവാസി കുട്ടികളെ സ്കൂളിലെത്തിക്കാൻ ചുമതലപ്പെട്ട ട്രൈബൽ വകുപ്പ് അധികൃതരാകട്ടെ ഇതുവഴി വന്നത് ഒരു തവണ മാത്രം.

ഇത്രയും കുട്ടികൾ സ്കൂളിൽ പോകുന്നില്ലെന്ന കാര്യം അറിയില്ലെന്നായിരുന്നു ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറുടെ വിശദീകരണം. വിദൂര ഗ്രാമങ്ങളിലുള്ള ആദിവാസികുട്ടികളെ സ്കൂളിലെത്തിക്കാൻ ഗോത്രസാരഥി പോലുള്ള പദ്ധതികളുള്ളപ്പോഴാണ് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നത്.

അതേസമയം, പഠനം മുടങ്ങിയ ആദിവാസി വിദ്യാർഥികളുടെ പ്രശ്നത്തിൽ ഇടപെടുമെന്ന് രാജു എബ്രഹാം എംഎൽഎ അറിയിച്ചു. കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിഷയം ഇന്ന് തന്നെ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എംഎൽഎ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. കുട്ടികൾക്ക് ആവശ്യമായ പഠനസൗകര്യം ഉടൻ ഏർപ്പെടുത്തുമെന്ന് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറും അറിയിച്ചു.