പത്തനംതിട്ട: ഓൺലൈൻ പഠനത്തിനായി ടെലിവിഷനടക്കമുള്ള സൗകര്യങ്ങൾ ഒരുങ്ങിയിട്ടും ,വൈദ്യുതി കണക്ഷൻ കിട്ടാതെ ബുദ്ധിമുട്ടുകയാണ് മഞ്ഞത്തോട് ആദിവാസി ഊരിലെ കുട്ടികൾ. ഇവർക്ക് പഠിക്കാനുണ്ടാക്കിയ താത്കാലിക ഷെഡ് വനഭൂമിയിലാണെന്ന പേര് പറഞ്ഞാണ് വനം വകുപ്പ് വൈദ്യുതി കണക്ഷന് അനുമതി നിഷേധിച്ചത്.

പത്തനംതിട്ടയിലെ മഞ്ഞത്തോട് ആദിവാസി ഊര്. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള 27 കുട്ടികളുണ്ട് ഇവിടെ. കാടിന്റെ മക്കൾ ഇവരിങ്ങനെ പാട്ട് പാടിയും കളിച്ചും നടക്കുകയാണ്. സംസ്ഥാനത്ത് ഒന്നരമാസം മുന്പ് ഓൺലൈൻ പഠനം തുടങ്ങിയത് അറിയാഞ്ഞിട്ടല്ല. ഇവിടെ അതിനുള്ള സൗകര്യങ്ങൾ ഇല്ലാത്തത് കൊണ്ടാണ്.

വീടുകളിൽ ടിവിയോ മൊബൈൽ ഫോണുകളോ ഇല്ല. ഇവരുടെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞ ചില സന്നദ്ധ സംഘടനാ പ്രവർത്തകർ ഇവിടേക്ക് ഒരു ടെലിവിഷൻ വാങ്ങി നൽകി. കുട്ടികളെ ഒന്നിച്ചിരുത്തി പഠിപ്പിക്കാൻ ഒരു താത്കാലിക ഷെഡും ഉണ്ടാക്കി. 

ഷെഡിനോട് ചേർന്ന് വൈദ്യുത പോസ്റ്റും ത്രീഫെസ് ലൈനുമുണ്ട്. കണക്ഷനു വേണ്ടി കെഎസ്ഇബിയിൽ കയറി ഇറങ്ങി എങ്കിലും വനം വകുപ്പ് എതിർത്തതോടെ നടപടിയായില്ല. വനം ഭൂമിയിലെ നിർമ്മാണങ്ങൾക്ക് അനുമതി നൽകാൻ കഴിയില്ലെന്നാണ് വനം വകുപ്പ് പറയുന്നത്.