കല്‍പ്പറ്റ: മഴക്കാല ആശ്വാസ പദ്ധതിക്ക് കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ ആദിവാസികള്‍ക്ക് നല്‍കുന്ന അരിയില്‍ തൂക്കം കുറച്ച് തട്ടിപ്പെന്ന് പരാതി. 
ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്. ഒരാള്‍ക്ക് 15 കിലോ അരിയാണ് പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്. എന്നാല്‍ ഇത് പലര്‍ക്കും 12- 13 കിലോ മാത്രമെ ലഭിക്കുന്നുള്ളുവെന്നാണ് പരാതി. മുള്ളന്‍കൊല്ലി പ്രീ മെട്രിക് ഹോസ്റ്റലില്‍ വെച്ച് വിതരണം ചെയ്ത അരിയിലാണ് തൂക്കക്കുറവ് കണ്ടെത്തിയിരിക്കുന്നത്.

പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ആദിവാസികള്‍ക്ക് 15 കിലോ അരിയടക്കം എണ്ണ, പയറുവര്‍ഗങ്ങള്‍ എന്നിവയാണ് വിതരണം ചെയ്യുന്നത്. സാധനങ്ങള്‍ ലഭിച്ചപ്പോള്‍ അരിയുടെ തൂക്കത്തില്‍ സംശയം തോന്നിയ പലരും സമീപത്തെ കടകളിലെത്തി തൂക്കി നോക്കിയപ്പോഴാണ് തട്ടിപ്പ് ബോധ്യപ്പെട്ടതെന്ന് പറയുന്നു. തിരികെ പോയി ജീവനക്കാരോട് ഇക്കാര്യം അറിയിച്ചപ്പോള്‍ ആദ്യം എതിര്‍ക്കുകയായിരുന്നുവെത്രേ. പിന്നീട് പ്രദേശത്തെ പൊതുപ്രവര്‍ത്തകര്‍ പ്രശ്‌നത്തില്‍ ഇടപെടുമെന്നായപ്പോള്‍ തൂക്കം കണക്കാക്കി നല്‍കാമെന്ന് ഉറപ്പു നല്‍കിയെന്ന് ഗുണഭോക്താക്കളില്‍ ചിലര്‍ പറഞ്ഞു. ഇന്നലെ മുതലാണ് അരിവിതരണം തുടങ്ങിയത്.

തുടക്കത്തില്‍ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 900 പേര്‍ക്ക് അരി വിതരണം ചെയ്‌തെന്ന് അധികാരികള്‍ തന്നെ പറയുന്നു. ഇതില്‍ വെട്ടിപ്പ് നടന്നിട്ടുണ്ടോ എന്നത് പക്ഷേ പരിശോധിക്കുക പ്രായോഗികമല്ലെന്ന് പൊതുപ്രവര്‍ത്തകര്‍ പറഞ്ഞു. അതേ സമയം നിരവധി പേര്‍ക്ക് അരി വിതരണം ചെയ്യേണ്ടതിനാല്‍ ത്രാസ് ഉപയോഗിക്കാതെ അളവുപാത്രം ഉപയോഗിച്ചത് മൂലമാണ് ചിലര്‍ക്ക് കുറഞ്ഞുപോയതെന്നും പരാതിയുമായി എത്തിയവര്‍ക്ക് തൂക്കം കൃത്യമാക്കി നല്‍കിയിട്ടുണ്ടെന്നുമാണ് ട്രൈബല്‍ വകുപ്പ് ജീവനക്കാരുടെ വിശദീകരണം. മനഃപൂര്‍വം അളവില്‍ കൃത്രിമം കാണിച്ചില്ലെന്നും ഇവര്‍ പറയുന്നു.