തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്കിടെ ആളുകൾ മരിച്ചിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന് ഇതേ കുറിച്ച് ഒരു അറിവുമില്ലെന്ന് തൃണമൂൽ കോൺ​ഗ്രസ്. 17 ബിഎൽഒ മാർ മരിച്ചിട്ടും ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടിയില്ലെന്നാണ് വിമർശനം

ദില്ലി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്കിടെ ആളുകൾ മരിച്ചിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന് ഇതേ കുറിച്ച് ഒരു അറിവുമില്ലെന്ന് തൃണമൂൽ കോൺ​ഗ്രസ്. 17 ബിഎൽഒ മാർ മരിച്ചിട്ടും ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടിയില്ലെന്നാണ് വിമർശനം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന് കൃത്യമായ മറുപടി നൽകാനായില്ലെന്നും ടിഎംസി എംപി ഡെറിക് ഒബ്രിയാൻ പറഞ്ഞു. മഹുവ മൊയിത്ര അടക്കം ടിഎംസിയുടെ പത്ത് എംപിമാർ ദില്ലിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുമായി രണ്ട് മണിക്കൂർ കൂടികാഴ്ച നടത്തിയ ശേഷമാണ് പ്രതികരണം. ഒരു തയ്യാറെടുപ്പുമില്ലാതെ എസ്ഐആറിന്റെ ഉദ്ദേശത്തെയല്ല, ഒരു തയാറെടുപ്പുമില്ലാതെ നടപ്പാക്കുന്നതിനെയാണ് ടിഎംസി എതിർക്കുന്നതെന്നും ഡെറിക് ഒബ്രിയാൻ വ്യക്തമാക്കി.

തീവ്ര വോട്ടർ പട്ടിക പരിഷ്കരണ ജോലിയിലെ സമ്മർദം കാരണം വിവിധ സംസ്ഥാനങ്ങളിലായി ബിഎൽഒമാർ ആത്മഹത്യ ചെയ്യുന്നതിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസർക്കാറുമാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. സമാജ്‌വാദി പാർട്ടിയും, കോൺ​ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഉൾപ്പെടെയുള്ള പാർട്ടികൾ വിമർശനം കടുപ്പിക്കുകയാണ്. സംസ്ഥാനങ്ങളിൽ ആത്മഹത്യ ചെയ്തവരുടെയും ആത്മഹത്യാ ശ്രമം നടത്തിയവരുടെയും പേരുകളടങ്ങിയ പട്ടിക നേതാക്കൾ സമൂഹ​മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. രണ്ടാഴ്ചക്കിടെ ഉത്തരേന്ത്യയിൽ എസ്ഐആർ ജോലിയിലേർപ്പെട്ട 7 പേരാണ് ജോലിസമ്മർദം കാരണം ആത്മഹത്യ ചെയ്തത്.

YouTube video player