ഒരു മേഖലയിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും ഒരു വഴി മാത്രമായിരിക്കും ഉണ്ടാവുക. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വരുന്നത്.
തിരുവനന്തപുരം: തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണിനുള്ള നടപടികള്‍ തുടങ്ങി. നഗരത്തില്‍ പല റോഡുകളും പൊലീസ് അടയ്ക്കുകയാണ്. മേഖല തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഒരു മേഖലയിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും ഒരു വഴി മാത്രമായിരിക്കും ഉണ്ടാവുക. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്.
ജനസഞ്ചാരം നിയന്ത്രിക്കാനുള്ള കര്‍ശന നടപടികള്‍ ജില്ലാഭരണകൂടം തുടങ്ങി. ജില്ലാ അതിര്‍ത്തികള്‍ അടയ്ക്കും. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍പെട്ടവര്‍ക്കും യാത്ര ചെയ്യുന്നതിനായി എന്‍ട്രി/എക്സിറ്റ് പോയിന്‍റുകള്‍ ക്രമീകരിക്കുകയാണ്. ഓരോ പൊലീസ് സ്റ്റേഷനുകളേയും ഓരോ ക്ലസ്റ്ററുകളാക്കി അകത്തേക്കും പുറത്തേക്കും പോകാന്‍ ഒരു വഴി മാത്രം തുറക്കും. ബാരിക്കേഡുകള്‍ ഇതിനകം നിരത്തിക്കഴിഞ്ഞു. കൂടുതല്‍ കൊവിഡ് കേസുകളുള്ള മേഖലകളെ സോണുകളാക്കി തിരിച്ച് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് ചുമതല നല്‍കും. ക്വാറന്‍റനീനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തും. പലചരക്ക്, പച്ചക്കറി വില്‍ക്കുന്ന കടകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം. ഹോട്ടലുകളില്‍ പാഴ്സല്‍ വിതരണം ഉണ്ടാകും.
ബാങ്കുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ ലോക്ഡൗണ്‍ ബാധകമായ ജില്ലകളിലേത് പോലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. പാല്‍ പത്ര വിതരണം ആറുമണിക്ക് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് ആദ്യം നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും, എട്ട് മണി വരെ ഇളവ് നല്‍കി. ട്രിപ്പില്‍ ലോക്ഡൗണ്‍ ബാധകമല്ലാത്ത ജില്ലകളില്‍ നിലവിലെ ലോക്ഡൗണും നിയന്ത്രണങ്ങളും തുടരും. 23 ന് ശേഷവും ലോക്ഡൗണ്‍ നീട്ടണമോയെന്ന കാര്യത്തില്‍ അടുത്തവാരം അവസാനത്തോടെ സാഹചര്യം വിലയിരുത്തി തീരുമാനമുണ്ടാകും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
