കടത്ത് സംഘം പുറത്തുവിട്ട ശബ്ദരേഖകളും ചാറ്റുകളുമാണ് സ്വർണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കുരുക്കായത്
തിരുവനന്തപുരം: വിമാനത്താവളം വഴി സ്വർണം കടത്താൻ സഹായിച്ചതിലൂടെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കമ്മീഷനായി കിട്ടിയത് ലക്ഷക്കണക്കിന് രൂപ. ഒരു കിലോ സ്വർണം കടത്തിയാൽ കമ്മീഷനായി കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് അറുപതിനായിരം രൂപ മുതൽ ഒരു ലക്ഷം വരെയാണ് ലഭിച്ചിരുന്നത്. സ്വർണക്കടത്തിന് പ്രേരിപ്പിച്ചത് അനീഷ് മുഹമ്മദെന്ന് അറസ്റ്റിലായ നിതിൻ ഡിആർഐ അന്വേഷണ സംഘത്തിന് മൊഴി നൽകി. എന്നാൽ നിതിന് ഇതുവരെ പ്രതിഫലം ലഭിച്ചിട്ടിലെന്നും ഡിആർഐ വ്യക്തമാക്കി. 80 കിലോയിലേറെ സ്വർണം ഇതുവരെ കടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. കടത്ത് സംഘം പുറത്തുവിട്ട ശബ്ദരേഖകളും ചാറ്റുകളുമാണ് സ്വർണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കുരുക്കായത്.
തിരുവനന്തപുരം വിമാനത്താവളം വഴി 4.8 കിലോ സ്വർണ്ണം പിടിച്ചെടുത്ത കേസിൽ കസ്റ്റംസ് ഇൻസ്പെക്ടർമാരായ അനീസ് മുഹമ്മദ്, നിതിൻ എന്നിവരെ ഡിആർഐ അറസ്റ്റ് ചെയ്തിരുന്നു. ആദ്യം കസ്റ്റംസ് ക്ലിയർ ചെയ്ത് പുറത്തേക്ക് വിട്ട സ്വർണ്ണമാണ് പിന്നീട് ഡിആർഐ പിടികൂടിയത്. ദുബൈയിൽ നിന്നെത്തിച്ച സ്വർണ്ണക്കടത്ത് ഇടപാടിൽ ഇവർക്ക് പങ്കുണ്ടെന്ന വിവരം പിന്നീട് ഡി ആർ ഐ ക്ക് കിട്ടിയിരുന്നു. 80 കിലോ സ്വർണ്ണം കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തിൽ കടത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന ഓഡിയോയും ഡി ആർ ഐ ക്ക് ലഭിച്ചിരുന്നു. വിമാനത്താവളം വഴി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിവിധ റാക്കറ്റുകൾ സ്വർണം കടത്തിയെന്നാണ് വിവരം. ഈ റാക്കറ്റുകൾ തമ്മിലുള്ള തർക്കമാണ് ഇപ്പോൾ സ്വർണക്കടത്ത് പുറത്തുവരാൻ കാരണം. വിവരം റവന്യൂ ഇന്റലിജന്റ്സിന്റെ ശ്രദ്ധയിൽ വന്നതോടെ ഉദ്യോഗസ്ഥരുടെ അറസ്റ്റിലേക്കും നീങ്ങി.
