തിരുവനന്തപുരം: തിരിച്ചുവരുന്ന പ്രവാസികളെ പരിശോധിക്കാൻ തിരുവനന്തപുരത്ത് അതിനൂതന തെർമൽ ക്യാമറയും. ശരീരഊഷ്മാവ് 6 മീറ്റർ ദൂരത്ത് നിന്നു തന്നെ ക്യാമറയിൽ പതിയുന്നതിനാൽ പരിശോധിക്കുന്നവർക്ക് യാത്രക്കാരുമായുളള സമ്പ‍‌‍‌ർക്കം ഒഴിവാക്കാനാവും. ഞായറാഴ്ചയാണ് പ്രവാസികളുടെ ആദ്യസംഘം തിരുവനന്തപുരത്ത് എത്തുക.

പ്രവാസികളുടെ തിരിച്ചുവരവിന് തിരുവനന്തപുരം വിമാനത്താവളത്തിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിയെന്നാണ് അധികൃത‍ർ പറയുന്നുത്. അത്യാധുനിക തെർമൽ സ്കാനറാണ് തിരുവനന്തപുരത്തെ ഏറ്റവും വലിയ സവിശേഷത. വിമാനമിറങ്ങി സാമൂഹിക അകലം പാലിച്ച് കടന്നു വരുന്ന യാത്രക്കാരുടെ നെറ്റിയിലെ ഊഷ്മാവ് ക്യാമറ വഴി പരിശോധിക്കും. ആർക്കെങ്കിലും കൂടുതൽ ഊഷ്മാവ് ഉള്ളതായി തെളിഞ്ഞാൽ അലാറം മുഴങ്ങും. ഒരേസമയം ഒന്നിലധികം പേരുടെ ശരീരതാപനില ഇതുവഴി അറിയാൻ കഴിയും.

പനിയുള്ള വ്യക്തിയുടെ ചിത്രം പ്രത്യേകം രേഖപ്പെടുത്താനുമാകും. 7 ലക്ഷത്തിലേറെ രൂപ വിലവരുന്ന ക്യാമറ ശശി തരൂർ എംപിയുടെ ഫണ്ട് ഉപയോഗിച്ചാണ് തിരുവനന്തപുരത്ത് എത്തിച്ചത്. ആംസ്റ്റർഡാമിൽ നിന്നാണ് ഇതു വാങ്ങിയത്.

ഞായറാഴ്ച രാത്രി ദോഹയിൽ നിന്നാണ് തിരുവനന്തപുരത്തേക്കുളള 200 അംഗസംഘം എത്തുന്നത്. തിരുവനന്തപുരം നഗരസഭ പരിധിയിൽ 9100 പേരെ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്.