Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം വിമാനത്താവളത്തിനായി രണ്ടും കല്പിച്ച് സംസ്ഥാന സർക്കാർ; ടെണ്ടർ തുക കൂട്ടാമെന്ന് നിർദ്ദേശം

വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ഉറപ്പിക്കാൻ എല്ലാ അടവുകളം പയറ്റുകയാണ് സംസ്ഥാനം. സ്വകാര്യവൽക്കരണത്തിനെതിരായ ഹർജി ഹൈക്കോടതി തളളിയതിന് പിന്നാലെയാണ് ടെണ്ടർ തുക കൂട്ടാമെന്ന പുതിയ നിർദ്ദേശം കേന്ദ്രത്തിന് മുന്നിൽ വെച്ചത്. 

trivandrum airport state govt will not ready to give rights to adani group
Author
Thiruvananthapuram, First Published Feb 4, 2020, 6:25 AM IST

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് നേടിയെടുക്കാൻ പുതിയ നീക്കവുമായി സംസ്ഥാന സർക്കാർ. ടെണ്ടറിൽ ഒന്നാമതെത്തിയ അദാനി മുന്നോട്ട് വെച്ച തുക നൽകാമെന്ന് സംസ്ഥാനം കേന്ദ്ര സർക്കാറിനെ അറിയിച്ചു. കരാർ കാലാവധി തീർന്നിട്ടും കേന്ദ്രം ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.

വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ഉറപ്പിക്കാൻ എല്ലാ അടവുകളം പയറ്റുകയാണ് സംസ്ഥാനം. സ്വകാര്യവൽക്കരണത്തിനെതിരായ ഹർജി ഹൈക്കോടതി തളളിയതിന് പിന്നാലെയാണ് ടെണ്ടർ തുക കൂട്ടാമെന്ന പുതിയ നിർദ്ദേശം കേന്ദ്രത്തിന് മുന്നിൽ വെച്ചത്. ഒരു യാത്രക്കാരന് വേണ്ടി 168 രൂപ എയർപോർട്ട് അതോറിറ്റിക്ക് നൽകാമെന്നായിരുന്നു അദാനിയുടെ വാഗ്ദാനം. സർക്കാറിന് വേണ്ടി ടെണ്ടറിൽ പങ്കെടുത്ത കെഎസ്ഐഡിസി മുന്നോട്ട് വെച്ചത് 135 രൂപ. ഒന്നാമതെത്തിയ അദാനിയുടെ ടെണ്ടർ തുക നൽകാമെന്ന സർക്കാറിന്‍റെ പുതിയ വാഗ്ദാനം കേന്ദ്രം സ്വീകരിക്കുമോ എന്ന് വ്യക്തമല്ല. 

അദാനിക്ക് കരാർ നൽകുന്നതിനെ സർക്കാർ ശക്തമായി എതിർക്കുകയാണ്. സ്ഥലമേറ്റെടുക്കൽ അടക്കമുള്ള കാര്യങ്ങളിൽ സർക്കാറിനെ മറികടന്ന് അദാനിക്ക് മുന്നോട്ട് പോകാനാകില്ല. ഈ സാഹചര്യത്തിൽ അദാനി പിന്മാറുകയാണെങ്കിൽ സമാനതുകയിൽ സർക്കാറിന് കരാർ കിട്ടാനുള്ള സാധ്യതയാണ് സർക്കാർ തേടുന്നത്. എന്നാൽ ടെണ്ടർ തുറന്നുള്ള പരിശോധനക്ക് ശേഷം തുക ഉയർത്തുന്നതിലെ നിയമപ്രശ്നമാണ് പ്രധാന തടസ്സം. ഒപ്പം പിന്മാറ്റത്തിൻറെ വ്യക്തമായ സൂചന ഇതുവരെ അദാനി നൽകിയിട്ടുമില്ല. ഒരു തവണ നീട്ടിയ ടെണ്ടർ കാലാവധി ഡിസംബർ 31ന് തീർന്നിരുന്നു. ചുരുക്കത്തിൽ വിമാനത്താവള നടത്തിപ്പിൽ പന്ത് കേന്ദ്രത്തിൻറെ കോർട്ടിലാണ്.

Follow Us:
Download App:
  • android
  • ios