തിരുവനന്തപുരം: തീരമേഖല കേന്ദ്രീകരിച്ച് കൂടുതൽ കോവിഡ് രോഗികൾ ഉണ്ടാകുന്നത് ആശങ്കയാകുന്നു. വിഴിഞ്ഞം മേഖലയിൽ അൻപതിലേറെ കേസുകളാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ സ്ഥിരീകരിച്ചത്. വിഴിഞ്ഞം, ബീമാപളളി മേഖലകളിൽ ഓരോ പ്രഥമഘട്ടചികിത്സാകേന്ദ്രങ്ങൾ ഉടൻ തുറക്കും.

പൂന്തുറ, മാണിക്യവിളാകം, പുത്തൻപളളി , വലിയതുറ, ബീമാപളളി തുടങ്ങിയ മേഖലകളിലായി 350 ലേറെ പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. വിഴിഞ്ഞം കോട്ടപ്പുറം, പുല്ലുവിള, പെരുമാതുറ, അഞ്ചുതെങ്ങ് അടക്കം ജില്ലയിലെ മറ്റ് തീരദേശ മേഖലകളിലും കേസുകൾ ഉയരുകയാണ്. പൂന്തുറ മേഖലയിലെ മത്സ്യത്തൊഴിലാളികളിൽ പലരും വിഴിഞ്ഞത്ത് നിന്നാണ് കടലിൽ പോകാറ്. 

ഇക്കൂട്ടത്തിൽ രണ്ട് പേർക്ക് രണ്ടാഴ്ച മുൻപ് കോവിഡ് സ്ഥിരികരിക്കുകയും ചെയ്തു. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്ക് കോവിഡ് പരിശോധന നടത്തണമെന്ന് ആ സമയത്ത് ആവശ്യമുയർന്നെങ്കിലും കാര്യമായ പരിശോധനകൾ ഉണ്ടായില്ല. എന്നാൽ പൂന്തുറയിൽ രോഗവ്യാപനം കൂടിയതിന് ശേഷമാണ് ഇവിടെ പരിശോധന ശക്തമാക്കിയതും കൂടുതൽ കേസുകൾ കണ്ടെത്തിയതും.

ജനസാന്ദ്രത കൂടിയതിനാൽ തീരദേശത്ത് കോവിഡ് വ്യാപനം വളരെ വേഗത്തിലാണ്. വെങ്ങാനൂർ അടക്കം തീരദേശത്തിന്റെ സമീപ പ്രദേശങ്ങളിലും കോവിഡ് പടരുന്നുണ്ട്. വെങ്ങാനരിൽ ഇതുവരെ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിലാണ് പൂന്തുറയിലേതു പോലെ പ്രഥമഘട്ടചികിത്സാകേന്ദ്രം ബീമാപളളിയിലും വിഴിഞ്ഞത്തും സ്ഥാപിക്കാൻ തീരുമാനിച്ചത്. എന്നാൽ വിഴിഞ്ഞത്ത് ഇതിനായി സ്ഥലം കണ്ടെത്തുന്നതേയുളളൂ. തീരദേശത്ത് പ്രത്യേകശ്രദ്ധ പതിപ്പിക്കാതിരുന്നാൽ പ്രത്യാഘാതം പൂന്തുറയ്ക്ക് സമാനമാകും.