ഹരിത കർമ സേനാംഗങ്ങളുടെ പണം തട്ടിയെടുത്തെന്നും സേനാംഗത്തെ ഭീഷണിപ്പെടുത്തിയെന്നും ബിജെപി കൗൺസിലർക്കെതിരെ ആരോപണം

തിരുവനന്തപുരം : ഹരിത ക‍ർമ സേനാംഗങ്ങളുടെ പണം തട്ടിയെന്നും, ഹരിത കർമ സേനാംഗത്തെ ഭീഷണിപ്പെടുത്തിയെന്നുമുള്ള ആരോപണത്തിന് പിന്നാലെ തിരുവനന്തപുരം കോ‍ർപറേഷൻ യോഗത്തിൽ വൻ ബഹളം. ബിജെപി കൗൺസിലർ മഞ്ജുവിനെതിരെ സിപിഎം അംഗങ്ങളാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. അംഗങ്ങൾ ഡയസിൽ കയറി മേയറോട് കലഹിക്കുകയാണ്.

തിരുവനന്തപുരം നഗരസഭ പുന്നയ്ക്കാ മുകൾ വാർഡ് കൗൺസിലർ മഞ്ചു പി വി ഹരിത ക‍ർമ സേനാംഗത്തെ ഭീഷണിപ്പെടുത്തിയെന്ന് മേയർ ആര്യാ രാജേന്ദ്രന് പരാതി ലഭിച്ചിരുന്നു. കൗൺസിലറുടെ സുഹൃത്തും ഹരിത കർ‍മ സേന സെക്രട്ടറിയുമായ ജയലക്ഷ്മി, ഹരിത ക‍ർമ സേനാംഗങ്ങളുടെ മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തതായി ആരോപണം നിലവിലുണ്ട്. പണം തട്ടിയെടുത്തത് പുറത്ത് പറഞ്ഞാൽ നാടുകടത്തുമെന്നും കള്ളക്കേസിൽ കുടുക്കുമെന്നും കൗൺസിലർ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഹരിത കർമ്മ സേനാംഗങ്ങൾക്ക് വേതനം നൽകേണ്ട 3ലക്ഷം രൂപയാണ് തട്ടിയത്.

ആരോപണത്തിൽ ബിജെപി കൗൺസിലർ മഞ്ചുവിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ന് ചേർന്ന കൗൺസിൽ യോഗത്തിൽ ഇടത് അംഗങ്ങളാണ് രംഗത്ത് വന്നത്. മറുവശത്ത് ബിജെപി അംഗങ്ങളും നിലയുറപ്പിച്ചതോടെയാണ് കൗൺസിൽ യോഗം കലഹത്തിലേക്ക് നീങ്ങിയത്. അംഗങ്ങളെ ശാന്തരാക്കാൻ മേയർ പാടുപെടുകയാണ്.

YouTube video player