Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി തട്ടിപ്പ്; നേമം സോണിൽ ആദ്യ അറസ്റ്റ്

തിരുവനന്തപുരം കോര്‍പറേഷനിലെ നേമം, ശ്രീകാര്യം, ആറ്റിപ്ര സോണുകളിലാണ് വന്‍ നികുതി വെട്ടിപ്പ് നടത്തിയത്. പൊതുജനങ്ങളില്‍ നിന്ന് സ്വീകരിച്ച പണം കോര്‍പേറേഷന്‍ അക്കൗണ്ടില്‍ അടക്കാതെ തട്ടിയെടുക്കുകയായിരുന്നു.

trivandrum corporation tax fraud one more arrested
Author
Trivandrum, First Published Oct 16, 2021, 10:39 AM IST

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ നികുതി തട്ടിപ്പില്‍ നേമം സോണില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഒളിവില്‍ കഴിയുകയായിരുന്ന കാഷ്യര്‍ സുനിതയെ പൂവാറിലെ ഭര്‍ത്താവിന്‍റെ വീട്ടില്‍ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നേമം സോണില്‍ മാത്രം 26 ലക്ഷത്തിലേറെ രൂപയാണ് ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തത്.  

നികുതി വെട്ടിപ്പ് വിവാദമായതോടെ ഒളിവില്‍ പോയ കാഷ്യര്‍ സുനിതയെയാണ് നേമം പോലീസ് പൂവാറില്‍ വെച്ച് കസ്റ്റഡിയിലെടുത്തതും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയതും. 26.5 ലക്ഷം രൂപയാണ് ഒന്നര വര്‍ഷത്തിനിടെ നേമം സോണില്‍ നിന്ന് തട്ടിയെടുത്തത്. പൊതുജനങ്ങളില്‍ നിന്ന് സ്വീകരിച്ച പണം കോര്‍പ്പറേഷന്‍ അക്കൗണ്ടില്‍ അടക്കാതെ തട്ടിയെടുക്കുകയായിരുന്നു. തിരുവനന്തപുരം കോര്‍പറേഷനിലെ നേമം, ശ്രീകാര്യം, ആറ്റിപ്ര സോണുകളിലാണ് വന്‍ നികുതി വെട്ടിപ്പ് നടത്തിയത്. നേമത്തെ വന്‍ വെട്ടിപ്പ് കൂടാതെ ശ്രീകാര്യത്ത് 5 ലക്ഷവും ആറ്റിപ്രയില്‍ 2 ലക്ഷം രൂപയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തട്ടിയെടുത്തതായി കണ്ടെത്തി. 

നേമം സോണിലെ സൂപ്രണ്ട് എസ് ശാന്തി അടക്കം 7 ഉദ്യോഗസ്ഥരെ ഇതിനകം കോര്‍പറേഷന്‍ സസ്പെന്‍റ് ചെയ്തിരുന്നു. നികുതി വെട്ടിപ്പ് വിവാദമായതോടെ ഒളിവില്‍ പോയ ശ്രീകാര്യം സോണിലെ ജീവനക്കാരന്‍ ബിജുവിനെ കല്ലറയില്‍ വെച്ച് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തതിരുന്നു. മൂന്ന് സോണുകളിലെയും പോലീസ് അന്വേഷണം തുടരുകയാണ്. കോര്‍പ്പറേഷന്‍ കണ്ടെത്തിയ നികുതി തട്ടിപ്പ് പോലീസും സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സുനിതയുടെ അറസ്റ്റ്. 

അതേ സമയം സൂപ്രണ്ട് എസ് ശാന്തി അടക്കം എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ നടത്തുന്ന സമരം ഇപ്പോഴും തുടരുകയാണ്.

Follow Us:
Download App:
  • android
  • ios