തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. നയതന്ത്ര ചാനൽ വഴി ജൂണിൽ 27 കിലോ സ്വർണം കടത്തിയെന്ന് വ്യക്തമായി. ജൂൺ 24, 26 തീയതികളിലാണ് ഡിപ്ലോമാറ്റിക് ബാഗ് എത്തിയത്.

യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിലാണ് ബാഗ് വിമാനത്താവളത്തിൽ എത്തിയത്. ഇത് കൈപ്പറ്റിയത് സരിത്താണ്. സ്വർണം അയച്ചത് ദുബൈയിൽ ഉള്ള  ഫൈസൽ ഫരീദാണെന്നും വ്യക്തമായി. മലപ്പുറം സ്വദേശിയായ പികെ റമീസിന് വേണ്ടിയാണ് സ്വർണ്ണം എത്തിച്ചത്. ഈ കള്ളക്കടത്തിന് ചുക്കാൻ പിടിച്ചത് സന്ദീപ്, സ്വപ്ന, സരിത് എന്നിവരാണ്. ജൂൺ 24 ന് ഒൻപത് കിലോ സ്വർണ്ണവും 26 ന് 18 കിലോ സ്വർണ്ണവുമാണ് കടത്തിയത്.

കേസിൽ എൻഐഎ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. കേസിലെ മൂന്നാം പ്രതിയും ദുബായിലെ വ്യവസായിയുമായ ഫൈസൽ ഫരീദിനെതിരെ ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിക്കണമെന്ന എൻഐഎ അപേക്ഷയിൽ കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് വിധി പറയും.

വാറൻറ് പുറപ്പെടുവിച്ചാൽ ഇൻറർപോളുമായി ബന്ധപ്പെട്ട് പ്രതിയെ ഇന്ത്യയിലെത്തിക്കാനാണ് നീക്കം. നാലാം പ്രതിയായ സന്ദീപിൽ നിന്ന് പിടിച്ചെടുത്ത ബാഗ് കോടതിയുടെ സാന്നിധ്യത്തിൽ പരിശോധിക്കും. കേസിലെ നിർണായക വിവരങ്ങൾ സന്ദീപിന്റെ ബാഗ് പരിശോധിച്ചാൽ ലഭിക്കുമെന്നാണ് എൻഐഎ കോടതിയെ അറിയിച്ചിട്ടുള്ളത്.