ലൈൻ പൊട്ടി വീണാൽ വൈദ്യുതി നിലക്കുന്ന സംവിധാനം ലോ ടെൻഷൻ ലൈനിലില്ലാത്തതാണ് അക്ഷയുടെ മരണത്തിന് കാരണമായത്.

തിരുവനന്തപുരം : നെടുമങ്ങാട് ബൈക്കിൽ പോയ വിദ്യാർത്ഥി അക്ഷയ് സുരേഷ് പൊട്ടിയ ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചതിൽ പരസ്പരം പഴിചാരുന്ന കെഎസ്ഇബിക്കും പഞ്ചായത്തിനുമുണ്ടായത് ഗുരുതര വീഴ്ച. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത അപകടാവസ്ഥയിലായ മരം മുറിച്ചുമാറ്റാൻ സ്വീകരിക്കേണ്ട നടപടികൾ ആരും കൈക്കൊണ്ടിരുന്നില്ല. ലൈൻ പൊട്ടി വീണാൽ വൈദ്യുതി നിലക്കുന്ന സംവിധാനം ലോ ടെൻഷൻ ലൈനിലില്ലാത്തതാണ് അക്ഷയുടെ മരണത്തിന് കാരണമായത്.

ഒരു നാടിനെ ഞെട്ടിച്ച മരണത്തിന് പിന്നാലെ പഞ്ചായത്ത് പ്രസി‍ഡന‍്റിന‍്റെ പഴി മുഴുവന് സ്വകാര്യ റബ‍ര്‍ തോട്ടം ഉടമക്കും കെഎസ് ഇബിക്കുമാണ്. മരം മുറിച്ചുമാറ്റാൻ നോട്ടീസ് നൽകിയെന്ന പഞ്ചായത്തിൻറെ വാദം തോട്ടം ഉടമ തള്ളിയിരുന്നു. അപകടരമായുള്ള മരക്കൊമ്പുകൾ മുറിച്ച് മാറ്റാന്‍ സ്വകാര്യ വ്യക്തിക്ക് കെഎസ്ഇബിക്ക് രണ്ട് തവണ നോട്ടീസ് നൽകാം. ഫലമില്ലെങ്കില്‍, അപകടം ഉണ്ടായാൽ പൂര്‍ണ ഉത്തരവാദിത്തം ഉടമക്കാണെന്ന് ചൂണ്ടിക്കാണിച്ച് മൂന്നാമത്തെ നോട്ടീസ് നല്‍കാം. എന്നിട്ടും ചെയ്തില്ലെങ്കിൽ കലക്ടറെ വിവരമറിയിക്കാം. ഉടമ ചെയ്തില്ലെങ്കിൽ ചെയ്യിക്കേണ്ട ഉത്തരവാദിത്തം ജില്ലാ കലക്ടര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമാണെന്നാണ് ദുരന്ത നിവാരണ നിയമത്തിൽ പറയുന്നത്. ഇതിന്റെ ചിലവ് സ്വകാര്യ വ്യക്തിയിൽ നിന്ന് ഈടാക്കാം.

നെടുമങ്ങാട് പക്ഷെ ഒരു വകുപ്പും അനങ്ങിയില്ല. ഹൈടെൻഷൻ ലൈനുകളിൽ അപകടം ഉണ്ടായാൽ തനിയെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുന്ന സംവിധാനമായ സര്‍ക്യൂട്ട് ബ്രേക്കര്‍ ഒരോ സബ്സ്റ്റേഷനുകളിലുമുണ്ട്.

പക്ഷെ ലോടെൻഷൻ ലൈനുകളിൽ ഇതില്ല. വീടുകളിലേക്ക് വൈദ്യുതി നൽകുന്നത് എൽടി ലൈനുകളാണ്. ഗ്രാമീണ മേഖലകളിൽ ഇത്തരം ലൈനുകൾ പൊട്ടിവീണിട്ടാണ് മരണങ്ങൾ സംഭവിക്കുന്നത്. ലൈൻ പൊട്ടി ഫ്യൂസ് പോയാൽ മാത്രമേ എൽടി ലൈനിൽ വൈദ്യുതി നിലക്കൂ. പാലക്കാട് ഐഐടിയോട് എൽടി ലൈനിൽ സർക്യൂട്ട് ബ്രേക്കര്‍ കൊണ്ടുവരുന്നതിന്റെ സാധ്യത തേടാൻ വൈദ്യുതിവകുപ്പ് ആവശ്യപ്പെട്ടിരുന്നു. പക്ഷെ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു റിപ്പോർട്ട്. മരക്കഷണം വീഴുന്നത് ഉൾപ്പെടേ നിസാരമായ കാരണങ്ങളാല്‍ ലോ ടെന്‍ഷന് ലൈനുകൾ പൊട്ടിവീഴാം. ഇത് തടയാൻ സര്‍ക്യൂട്ട് ബ്രേക്ക‍ര്‍ വെച്ചാൽ നിരന്തരം പ്രദേശത്ത് വൈദ്യുതി മുടങ്ങുന്ന അവസ്ഥ വരും. ട്രാൻസ്ഫോമറിലെ ഫ്യൂസ് ഊരുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ചുരുക്കം.