തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. ജൂലൈ 31 വരെ 52 ദിവസമാണ് ഇത്തവണ ട്രോളിംഗ് നിരോധനം. സംസ്ഥാനത്ത് മീൻ പിടിക്കാൻ ഉപയോഗിക്കുന്ന 3800 ട്രോൾ ബോട്ടുകളും 600 ഗിൽനെറ്റ്, ചൂണ്ട ബോട്ടുകളും പേഴ്സീൻ വല ഉപയോഗിക്കുന്ന 60 യന്ത്ര വള്ളങ്ങളും ഇന്ന് അർധരാത്രിയോടെ തീരത്ത് അടുപ്പിക്കണം. 

ലോക്ക് ഡൗൺ ഇളവുകളും പ്രതികൂല കാലാവസ്ഥയും മൂലം കഴിഞ്ഞ ദിവസം മുതലാണ് ബോട്ടുകൾ കടലിൽ പോയിത്തുടങ്ങിയത്. അതും വളരെ കുറച്ച് എണ്ണം മാത്രം. ആയിരത്തിലധികം ബോട്ടുകൾ ഉള്ള തോപ്പുംപടി ഹാർബറിൽ നിന്നും 25 ബോട്ടുകൾ മാത്രമാണ് കടലിൽ പൊയ്ക്കൊണ്ടിരുന്നത്. തമിഴ്‍നാട്ടിലെ വിവിധ ഭാഗത്ത് നിന്നുള്ള തൊഴിലാളികളാണ് ഇവിടുത്തെ ബോട്ടുകളിൽ ആഴക്കടലിൽ പോകുന്നത്. 

ലോക്ക് ഡൗണിനെ തുടർന്ന് ഇവരെല്ലാം സ്വദേശത്തേക്ക് മടങ്ങി. ട്രോളിംഗ് നിരോധനം നീങ്ങിയാലും മീൻ പൂർണ തോതിൽ എത്താൻ ഒരു മാസമെങ്കിലും വേണ്ടി വരും. ഇത് ഹാർബറുകളിലെ കച്ചവടക്കാരെയും ആശങ്കയിലാക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും ട്രോളിംഗ് നിരോധനത്തെ അനുകൂലിക്കുന്നവരാണെങ്കിലും കൊവിഡ് കാലത്തുള്ള നിരോധനം തങ്ങളെ പട്ടിണിയിലാക്കുമോയെന്ന പേടിയിലാണിവർ.