കൊച്ചി: ശബരിമല സന്ദര്‍ശനത്തിന് എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും മടങ്ങി. പൊലീസ് സുരക്ഷയിൽ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു. 10.40 നുള്ള വിമാനത്തിൽ സംഘം മടങ്ങും. ഇവരുടെ സുരക്ഷയ്ക്ക് വേണ്ടി വിമാനത്താവളത്തിൽ കൂടുതൽ പൊലീസിനെ നിയോഗിച്ചു. 

സുരക്ഷ ഒരുക്കാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്നാണ് മടങ്ങുന്നതെന്നും വീണ്ടും ശബരിമല ദര്‍ശനത്തിന് തിരിച്ചെത്തുമെന്നും തൃപ്തി ദേശായി വ്യക്തമാക്കി. 'ശബരിമലയിൽ വരുന്ന കാര്യം മുൻകൂട്ടി അറിയിച്ചിരുന്നു. എട്ട് മണിക്കൂർ കാത്ത് നിന്നിട്ടും സുരക്ഷ ഒരുക്കിയില്ല. പൊലീസ് ഉദ്യോഗസ്ഥർ പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്'.  ഭരണഘടനാ ദിനം ആയതിനാലാണ് ഇന്ന് വരാൻ തീരുമാനിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ശബരിമല സന്ദര്‍ശനം: മടങ്ങിപ്പോകാൻ പൊലീസിന് മുന്നിൽ ഉപാധി വച്ച് തൃപ്തി ദേശായി

ശബരിമല സന്ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നൽകാനാകില്ലെന്ന് പൊലീസ് അറിയിച്ചതോടെ മടങ്ങിപ്പോകാൻ  തൃപ്തി ദേശായിയും സംഘവും നിര്‍ബന്ധിതരാകുകയായിരുന്നു. ശബരിമലയിൽ സന്ദര്‍ശനം നടത്താൻ ഭരണഘടനാപരമായ അവകാശം ഉണ്ട്. അത് നിഷേധിക്കുകയാണെങ്കിൽ അതിന് കാരണം വ്യക്തമാക്കണമെന്നും ഇത് എഴുതി നല്‍കണമെന്നും തൃപ്തി ദേശായിയും സംഘവും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

പ്രതിഷേധങ്ങൾ ശക്തമായതോടെ ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം ഉണ്ടായ സംഭവവും ചൂണ്ടിക്കാട്ടിയ പൊലീസ് കോടതി വിധിയിലെ അവ്യക്തതയും തൃപ്തിയോട് വിശദീകരിച്ചു. പൊലീസ് സുരക്ഷ ഉറപ്പാക്കില്ലെന്ന് ഉറപ്പായതോടെയാണ് മടക്കം.