Asianet News MalayalamAsianet News Malayalam

യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവം; ഭർത്താവിനും അമ്മയ്ക്കുമെതിരെ കൊലക്കുറ്റം ചുമത്തി

കൊല്ലത്ത് യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ ഭർത്താവിനും അമ്മയ്ക്കുമെതിരെ കൊലക്കുറ്റം ചുമത്തി. ചികിത്സ നിഷേധിച്ചതിനും വീട്ടുതടങ്കലിൽ പാർപ്പിച്ചതിനും കേസെടുത്തു.

tushara murder police charged murder case against husband and mother in law
Author
Kollam, First Published Apr 1, 2019, 2:36 PM IST

കൊല്ലം: കരുനാഗപ്പള്ളിയിൽ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തിൽ പ്രതികൾക്ക് എതിരെ കൊലക്കുറ്റത്തിന് കേസ്സെടുത്തു. യുവതിയുടെ ഭർത്താവ് ചന്തുലാലിനും അമ്മായിയമ്മ ഗീതാലാലിനും എതിരെയാണ് കേസെടുത്തത്. ചികിത്സ നിഷേധിച്ചതിനും വിട്ടുതടങ്കലിൽ പാർപ്പിച്ചതിനുമെതിരെയാണ് കേസെടുത്തത്.

കഴിഞ്ഞ 21ന് രാത്രിയാണ് തുഷാര(27) എന്ന യുവതിയെ ഓയൂർ ചെങ്കുളത്തുള്ള ഭർത്താവിന്‍റെ വീട്ടിൽ മരണപ്പെട്ടത്. അസ്ഥികൂടം പോലെ ചുരുങ്ങിയ അവസ്ഥയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മരിക്കുമ്പോൾ തുഷാരയ്ക്ക് 20 കിലോ മാത്രമേ ഭാരം ഉണ്ടായിരുന്നുള്ളൂ. യുവതിയ്ക്ക് പഞ്ചസാര വെള്ളവും അരികുതിർത്തതുമാണ് കഴിക്കാൻ നൽകിരുന്നത്. കൊല്ലം ജില്ലാ ആശുപത്രിയിൽ നടത്തിയ മൃതദേഹ പരിശോധനയിലാണ് ആഹാരം ലഭിക്കാതെ ന്യുമോണിയ ബാധിച്ചാണ് ഇവർ മരിച്ചതെന്ന് മനസിലായത്.

വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് യുവതിയുടെ ഭര്‍ത്താവിന് നേരെ അന്വേഷണം നീണ്ടത്. വിവാഹം കഴിക്കുന്ന സമയത്ത് ചന്തുലാലും കുടുംബവും കാഞ്ഞാവള്ളിക്കു സമീപം ഓലിക്കര മൺവിള വീട്ടിൽ ആയിരുന്നു താമസം. ഇവിടെ ഇവര്‍ മന്ത്രവാദ ക്രിയകള്‍ ചെയ്യുന്നതില്‍ എതിര്‍പ്പുണ്ടായതിന് പിന്നാലെയാണ് താമസം മാറിയത്. ചെങ്കുളത്ത് ഇവര്‍ താമസിച്ചിരുന്നത് നാട്ടുകാരില്‍ നിന്നും ഒറ്റപ്പെട്ടായിരുന്നു. 

tushara murder police charged murder case against husband and mother in law

വിവാഹശേഷം മൂന്ന് തവണ മാത്രമാണ് യുവതി സ്വഭവനത്തില്‍ എത്തിയത്. ഇതിനിടയിൽ രണ്ട് കുട്ടികൾ ജനിച്ചെങ്കിലും തുഷാരയുടെ ബന്ധുക്കളെ കാണിച്ചിരുന്നില്ല. രണ്ടാമത്തെ കുട്ടിയുടെ പ്രസവത്തിന് ആശുപത്രിയിൽ പോയെങ്കിലും കുട്ടിയെ കാണിക്കാത്തതിനാൽ ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പൊലീസ് ഇടപെടലില്‍ കുട്ടിയെ ബന്ധുക്കളെ കാണിച്ചെങ്കിലും ഇനി ആരും തന്നെ കാണാൻ വരണ്ടെന്നും തനിക്ക് ഒരു കുഴപ്പവും ഇല്ലെന്നും യുവതി വീട്ടുകാരെ പിന്നീട് അറിയിക്കുകയായിരുന്നു. 

സ്ത്രീധന പണത്തിന്‍റെ ബാക്കി നൽകാത്തതിന്‍റെ പേരിൽ  തുഷാരയെ ഭർത്താവ്  ചന്തുലാലും ഇയാളുടെ അമ്മ ഗീതാലാലും പലപ്പോഴും മർദ്ദിച്ചിരുന്നതായാണ് വ്യക്തമാകുന്നത്. മകളെ കാണാൻ തുഷാരയുടെ അച്ഛനേയും അമ്മയേയും അനുവദിച്ചിരുന്നില്ലെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് യുവതി നേരിട്ട ക്രൂരത വ്യക്തമായത്. 

Follow Us:
Download App:
  • android
  • ios