ചെങ്കൊടി ഉയർന്ന് പറക്കവെ പന്ന്യൻ, അച്ചുവിനൊപ്പം തരൂർ, കുമ്മനത്തിനൊപ്പം രാജീവ്; തലസ്ഥാനത്തെ കലാശക്കൊട്ട് ഗംഭീരം
പേരൂര്‍ക്കടയിലെ ആവേശത്തിമിര്‍പ്പിലേക്ക് ആദ്യം വന്നിറങ്ങിയത് പന്ന്യന്‍ രവീന്ദ്രന്‍. ചെങ്കൊടി ഉയര്‍ന്നുപറക്കുന്നതിനിടെയായിരുന്ന പന്ന്യൻ വന്നിറങ്ങിയത്
തിരുവനന്തപുരം: സംസ്ഥാനത്തെ വീറുറ്റ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ചൂടുപകരുന്നതായിരുന്നു തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ പരസ്യപ്രചാരണത്തിന്‍റെ ക്ലൈമാക്സും. മൂന്ന് മുന്നണി സ്ഥാനാര്‍ഥികളും കൊട്ടിക്കലാശത്തിനായി മണിക്കൂറുകളാണ് പ്രവര്‍ത്തകര്‍ക്കൊപ്പം ചെലവിട്ടത്. പേരൂര്‍ക്കടയിലെ ആവേശത്തിമിര്‍പ്പിലേക്ക് ആദ്യം വന്നിറങ്ങിയത് പന്ന്യന്‍ രവീന്ദ്രന്‍. ചെങ്കൊടി ഉയര്‍ന്നുപറക്കുന്നതിനിടെയായിരുന്ന പന്ന്യൻ വന്നിറങ്ങിയത്. അതോടെ ബാന്‍ഡ് മേളം മുറുകി, ചുവടുവച്ച് പ്രവര്‍ത്തകരൊന്നാകെ ആഘോഷമാക്കി.
പിന്നാലെ എത്തി സിറ്റിംഗ് എം പി ശശി തരൂർ. അച്ചു ഉമ്മനൊപ്പമായിരുന്നു തരൂർ എത്തിയത്. ഇരവരും ക്രെയിനില്‍ കയറി ആകാശത്തേക്കുയര്‍ന്നതോടെ സ്ഥാനാര്‍ഥിക്ക് ആര്‍പ്പുവിളിച്ച് പ്രവര്‍ത്തകരും ആവേശം ഗംഭീരമാക്കി. വൈകിയില്ല, പിന്നാലെയെത്തി എൻ ഡി എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ എൻ ഡി എ സ്ഥാനാർഥി കുമ്മനം രാജശേഖരനും ഒ രാജഗോപാലുമടക്കമുള്ള ബി ജെ പി സംഘത്തിനൊപ്പമാണ് രാജീവ് എത്തിയത്. തയ്യാറാക്കി നിര്‍ത്തിയ ക്രെയിനില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയും ഒപ്പമുള്ളവരും കയറിയതോടെ പ്രവർത്തകരും ആവേശത്തിലായി.
അവസാന മണിക്കൂറുകളിലും വിജയപ്രതീക്ഷയില്‍ ആത്മവിശ്വാസമേറ്റുന്നതായിരുന്നു സ്ഥാനാര്‍ഥികളുടെ വാക്കുകള്‍. മൂവരും വിജയ പ്രതീക്ഷ പങ്കുവച്ചു. മൂന്ന് മണിക്കൂറോളം നിറഞ്ഞാടിയ നിരത്തില്‍ മൂന്ന് മുന്നണികളുടെയും പ്രവര്‍ത്തകര്‍ ആവേശത്തിരയാക്കി. ഇടയ്ക്ക് ചില നേരിയ സംഘര്‍ഷങ്ങളും തലസ്ഥാനത്ത് കണ്ടു. മഴക്കാറ് മൂടിയ ആകാശത്ത് ചെറുവെടിക്കെട്ടോടെ പ്രചാരണപൂരം അവസാനിച്ചു. ചൂട് മാറ്റി മഴയും പെയ്തു. നനഞ്ഞുകൊണ്ടാണ് സ്ഥാനാര്‍ഥികള്‍ മടങ്ങിയത്. മൂവരും വലിയ വിജയ പ്രതീക്ഷയിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം