കൊച്ചിയിൽ യുവനടിയും സംഘവും ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. നടിയുടെ ബന്ധുവിനെ പീഡിപ്പിച്ചെന്ന പരാതിയിൽ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു.

കൊച്ചി: കൊച്ചിയിൽ യുവനടിയും സംഘവും ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ഡോക്ടറെ ആക്രമിച്ച സംഭവത്തിലെ അറസ്റ്റിന് പിന്നാലെ ഡോക്ടർക്കെതിരെ ബലാത്സംഗ പരാതിയിൽ കേസെടുത്തു. നടിയുടെ അടുത്ത ബന്ധുവിന്‍റെ പരാതിയിലാണ് കേസ്. ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷനിലാണ് പരാതി എത്തിയത്. 41കാരനായ ഡോക്ടർ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഡോക്ടറുടെ ഫോണ്‍ സ്വിച്ച് ഓഫായതിനാൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗ പരാതിയിലെ കേസിന് പിന്നാലെ ഡോക്ടറെ സ്വകാര്യ ആശുപത്രി പുറത്താക്കി.

നടിയുടെ ബന്ധുവുമായി ഡോക്ടർക്ക് അടുപ്പമുണ്ടായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നുമാണ് കഴിഞ്ഞ ദിവസത്തെ എഫ് ഐ ആറിൽ ഉണ്ടായിരുന്നത്. പണം നൽകാൻ നടിയും സംഘവും ആവശ്യപ്പെട്ടെന്നാണ് ഡോക്ടർ നൽകിയ പരാതിയിൽ പറയുന്നത്. അതിനിടെ സംഭവം ഹണി ട്രാപ്പ് ആണോയെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. ഡോക്ടർ നടിയുടെ ബന്ധുവിന് അയച്ച മെസേജുകളും ഫോട്ടോകളും ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനാണോ നടിയും സംഘവും ശ്രമിച്ചതെന്ന് പൊലീസ് കഴിഞ്ഞ ദിവസം അന്വേഷിച്ചിരുന്നു. നടന്നത് ഹണിട്രാപ്പ് അല്ല എന്നാണ് പൊലീസിന്റെ നിലവിലെ നിഗമനം.

നടന്നത് ഹണി ട്രാപ്പ് അല്ലെന്നും ഡോക്ടറുടെ ഫോണിലുണ്ടായിരുന്ന ബന്ധുവിന്‍റെ സ്വകാര്യ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാനാണ് വിളിച്ചു വരുത്തിയതെന്നും നടിയും സംഘവും പൊലീസിന് മൊഴി നൽകി. അതിനാണ് ബന്ധുവായ സ്ത്രീക്ക് ആരോഗ്യ പ്രശ്നം ഉണ്ടെന്നും ചികിത്സ നൽകാൻ പൊന്നുരുന്നിയിലെ ഫ്ലാറ്റിലേക്ക് വരണമെന്നും ഡോക്ടറോട് ആവശ്യപ്പെട്ടത്. ഡോക്ടറുടെ രണ്ട് ഫോണും സ്‌മാർട് വാച്ചും ഇയർ പോഡും നടിയും സംഘവും കൈവശപ്പെടുത്തി. ഡോക്ടറുടെ ഫോണിലുണ്ടായിരുന്ന, ബന്ധുവിന്‍റെ സ്വകാര്യ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാനാണ് പിടിച്ചുവാങ്ങിയത് എന്നാണ് നടിയുടെ മൊഴി.

ഈ ഫോണുകൾ ലഭിച്ചാൽ മാത്രമേ നടി പറയുന്നതിൽ വാസ്തവമുണ്ടോയെന്ന് വ്യക്തമാകൂ എന്ന് പൊലീസ് പറയുന്നു. നടിയുടെ കൂട്ടാളിയായ ജിം ട്രെയിനറുടെ കൈവശമാണ് ഫോണുകളുള്ളത്. ഇയാൾ ഒളിവിലാണ്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ ദുരൂഹത പൂർണമായും ചുരുളഴിയൂ എന്ന് കടവന്ത്ര പൊലീസ് പറയുന്നു. ഡോക്ടർ നൽകിയ പരാതിയിൽ 12 പേർക്കെതിരെയാണ് കേസെടുത്തത്. 9 പേർ കൂടി പിടിയിലാകാനുണ്ട്. ബലാത്സംഗ പരാതിക്ക് പിന്നാലെ ഡോക്‌ടർ ഒളിവിലാണെന്നാണ് സൂചന.

YouTube video player