ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റായി സ്വാമി ഋതംബരാനന്ദ ചുമതലയേറ്റു. എന്നാൽ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത കൂറുമാറ്റം മഠത്തിലെ ആഭ്യന്തര ഭിന്നതകൾ മറനീക്കി പുറത്തുകൊണ്ടുവന്നു.

വർക്കല: ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റായി സ്വാമി ഋതംബരാനന്ദ ചുമതലയേറ്റു. സ്വാമി വിശുദ്ധാനന്ദയെ ജനറൽ സെക്രട്ടറിയായും സ്വാമി ശാരദാനന്ദയെ ട്രഷററായും തെരഞ്ഞെടുത്തു. ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകുന്ന രീതിയിലായിരിക്കുമെന്ന് ചുമതലയേറ്റ ശേഷം സ്വാമി ഋതംബരാനന്ദ വ്യക്തമാക്കി.

അതേസമയം, ഭാരവാഹി തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത നീക്കങ്ങൾ ശിവഗിരി മഠത്തിലെ ആഭ്യന്തര ഭിന്നത മറനീക്കി പുറത്തുകൊണ്ടുവന്നു. രാവിലെ വരെ തങ്ങളുടെ പാനലിൽ ഒപ്പമുണ്ടായിരുന്ന സ്വാമി ഋതംബരാനന്ദ മറുപക്ഷത്തേക്ക് കൂറുമാറിയതാണ് തോൽവിക്ക് കാരണമെന്ന് എതിർ പാനലിന് നേതൃത്വം നൽകിയ സ്വാമി ശുഭാംഗാനന്ദ ആരോപിച്ചു.

ആദ്യഘട്ട തെരഞ്ഞെടുപ്പിൽ സ്വാമി ശുഭാംഗാനന്ദയുടെ പാനലിനായിരുന്നു മുൻതൂക്കം ലഭിച്ചിരുന്നത്. എന്നാൽ പ്രധാന ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന ഘട്ടത്തിൽ അപ്രതീക്ഷിത മാറ്റങ്ങൾ സംഭവിക്കുകയായിരുന്നു. രാവിലെ എട്ടര വരെ തങ്ങളോടൊപ്പം ഉണ്ടായിരുന്ന ഋതംബരാനന്ദ സ്വാമികൾ മറുപക്ഷത്തേക്ക് പോയത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്ന് സ്വാമി ശുഭാംഗാനന്ദ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അധികാരമോഹമായിരിക്കാം ഈ കൂറുമാറ്റത്തിന് കാരണം. പ്രസിഡന്റ് സ്ഥാനത്ത് താല്പര്യമുണ്ടെന്ന് അദ്ദേഹം മുൻകൂട്ടി പറഞ്ഞിരുന്നെങ്കിൽ ആ സ്ഥാനം നൽകാൻ തയ്യാറായിരുന്നുവെന്നും അപ്രതീക്ഷിതമായ ഈ നീക്കം വലിയ അട്ടിമറിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുപോകുമെന്ന് സ്വാമി ഋതംബരാനന്ദ

ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിച്ച സ്വാമി ഋതംബരാനന്ദ ആരോപണങ്ങളോട് പരോക്ഷമായി പ്രതികരിച്ചു. മഠത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പരമാവധി യോജിച്ചുപോകുന്ന ശൈലിയാകും തന്റേതെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ രാഷ്ട്രീയ പാർട്ടികളോടും തുല്യനിലപാടാണ് മഠത്തിനുള്ളത്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും മുഖം മഠത്തിനുണ്ടാകില്ലെന്നും സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ സഹായത്തോടെ മാത്രമേ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.