തിരുവനന്തപുരം:  തിരുവനന്തപുരത്ത് മകന്റെ പരാതിയിൽ അമ്മ പോക്സോ കേസിൽ അറസ്റ്റിൽ ആയ സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ഇളയ മകൻ രം​ഗത്ത്. അമ്മയ്ക്കെതിരായ സഹോദരന്റെ മൊഴി മർദ്ദിച്ച് പറയിപ്പിച്ചതാണ്. അച്ഛൻ തങ്ങളെ മർദ്ദിക്കുമായിരുന്നു. കേസിൽ കുടുക്കും എന്ന് അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇളയ മകന്റെ മൊഴിയിൽ പറയുന്നു.

മകൾ നിരപരാധി ആണെന്ന് യുവതിയുടെ  അമ്മയും പറയുന്നു. വിവാഹ ബന്ധം വേർപെടുത്താതെ യുവതിയുടെ ഭർത്താവ് രണ്ടാം വിവാഹം കഴിക്കാൻ ശ്രമിച്ചു. ഇതിന്റെ പേരിലുണ്ടായ സംഭവങ്ങളാണ് ഇപ്പോഴത്തേതെന്നും യുവതിയുടെ അമ്മ പറഞ്ഞു. നിയമ നടപടി സ്വീകരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. സംഭവത്തിൽ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.

മകനെ പീഡിപ്പിച്ച കേസില്‍  വക്കം സ്വദേശിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.  പതിനാല് വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ പരാതിയിൽ ആണ് അറസ്റ്റ്. കടയ്ക്കാവൂര്‍ പൊലീസാണ് അറസ്റ്റ് നടത്തിയത്. ഇവര്‍ ഇപ്പോള്‍ റിമാന്റിലാണ്. പോക്സോ കേസിൽ പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ അമ്മ തന്നെ അറസ്റ്റിലാകുന്നത് സംസ്ഥാനത്ത് ആദ്യമായാണ്.