തിരുവനന്തപുരം:  പതിനഞ്ച് ദിവസത്തിനിടെ തിരുവനന്തപുരം മൃഗശാലയിലെ പാമ്പിൻ കൂട്ടിൽ ചത്തുവീണത് രണ്ട് അനാക്കോണ്ട. കൊട്ടിഘോഷിച്ച് ശ്രീലങ്കയിൽ നിന്ന് എത്തിച്ച ഏഴംഗ അനാക്കോണ്ട സംഘത്തിലെ താരമായിരുന്ന ഏ‍യ്ഞ്ചലയാണ് ഇന്ന് രാവിലെ കൂടൊഴിഞ്ഞത്. മൃഗശാലയിലെ കൂട്ടിൽ മൂന്ന് മണിയോടെ വെള്ളത്തിൽ നിന്ന് കരയ്ക്കു കയറി കിടന്ന ഏ‍യ്ഞ്ചല ഒമ്പത് മണിയോടെ കെയര്‍ടേക്കര്‍ വന്ന് നോക്കിയപ്പോഴേക്കും ചത്ത നിലയിലായിരുന്നു എന്നാണ് മൃഗശാല അധികൃതര്‍ വിശദീകരിക്കുന്നത്. 

ഒരു കൂട്ടിൽ കഴിഞ്ഞിരുന്ന മൂന്ന് അനാക്കോണ്ടകളിൽ രണ്ടെണ്ണത്തിനാണ് കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ ജീവൻ നഷ്ടമായത്. കൂട്ടത്തിൽ വലിപ്പമുണ്ടായിരുന്ന ഏ‍യ്ഞ്ചല അതേ കൂട്ടിലുണ്ടായിരുന്ന രേണുകയെ ഞെക്കിക്കൊല്ലുകയായിരുന്നു. അതിന് ശേഷം മൃഗശാല അധികൃതര്‍ പാമ്പിൻ കൂട്ടിൽ സിസിടിവി ക്യാമറയും ഘടിപ്പിച്ചിരുന്നു. എന്നാൽ ഏ‍യ്ഞ്ചലയുടെ മരണം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു എന്നാണ് ഡോക്ടര്‍ അടക്കമുള്ളവര്‍ പറയുന്നത്. 

2014 ൽ ആണ് ശ്രീലങ്കയിലെ മൃഗശാലയിൽ നിന്ന് ഏഴ് അനാക്കോണ്ട കുഞ്ഞുങ്ങളെ തിരുവനന്തപുരത്ത് എത്തിക്കുന്നത്. വളര്‍ച്ചയും ശാരീരിക ഘടനയും കണക്കിലെടുത്ത് പ്രത്യേക കൂടും ആവാസ വ്യവസ്ഥയും എല്ലാം ഒരുക്കിയായിരുന്നു സംരക്ഷണം, ഏറ്റവും ഒടുവിൽ ചത്ത ഏ‍യ്ഞ്ചല എന്ന അനാക്കോണ്ടയ്ക്ക് ഒമ്പത് വയസ്സുണ്ട്. മൂന്നര മീറ്ററാണ് നീളം.  രണ്ടാമത്തെ അനാക്കോണ്ടയും ചത്തതോടെ മൃതശരീരം പാലോട്ടെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസിൽ എത്തിച്ച് വിശദമായ പരിശോധന നടത്തി. 

വൻകുടലിൽ ക്യാൻസറിന് സമാനമായ വളര്‍ച്ചയും അണുബാധയും ഉണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ . ആന്തരികാവയവങ്ങൾ മാറ്റിയ ശേഷം സ്റ്റഫ് ചെയ്ത് സൂക്ഷിക്കാവുന്ന വിധത്തിൽ ഏ‍യ്ഞ്ചലയുടെ മൃതശരീരം തിരിച്ച് തിരുവനന്തപുരം മൃഗശാലയിൽ തന്നെ തിരിച്ചെത്തിച്ചിട്ടുണ്ട്. സ്റ്റഫ് ചെയ്തെടുത്ത ശേഷം നാഷണൽ ഹിസ്റ്ററി മ്യൂസിയത്തിൽ പ്രദര്‍ശിപ്പിക്കുമെന്നാണ് മൃഗശാല അധികൃതര്‍ പറയുന്നത്. 

മൂന്ന് അനാക്കോണ്ടകളെ ഒരുമിച്ച് ഒരു കൂട്ടിലാണ് പാര്‍പ്പിച്ചിരുന്നത്. അടുത്തടുത്ത ദിവസങ്ങളിൽ തീര്‍ത്തും അപ്രതീക്ഷിതമായി രണ്ടെണ്ണം ചത്ത സാഹചര്യത്തിൽ മൂന്നാമത്തേതിനെ കൂട്ടിൽ നിന്ന് ഒഴിപ്പിച്ചു. കൂട്ടിലെ വെള്ളം മാറ്റി അണുവിമുക്തമാക്കിയ ശേഷം മാത്രമെ ഇനി അനാക്കോണ്ടയെ കൂട്ടിലാക്കു എന്നാണ് അധികൃതര്‍ പറയുന്നത്. ഏഴെണ്ണത്തിൽ അഞ്ചെണ്ണം മാത്രമാണ് ഇനി ശേഷിക്കുന്നത്.