ഇടുക്കി: ഇടുക്കി ജില്ലയിലെ ഹോട്ട്സ്പോട്ട് പട്ടികയില്‍ നിന്ന് തൊടുപുഴയ്ക്കും അടിമാലിക്കും ഇളവ്. ഹോട്ട്‌സ്‌പോട്ടില്‍ നിന്ന് തൊടുപുഴയിലെ കുമ്പംകല്ല് ഉള്‍പ്പെടുന്ന വാര്‍ഡ് ഒഴികെ നഗരസഭാ പരിധിയെയും അടിമാലിയെയും ഒഴിവാക്കി. പലവ്യഞ്ജനം, പച്ചക്കറി, പാല്‍, പഴം എന്നിവ വില്‍ക്കുന്ന കടകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, നിര്‍മാണ സാമഗ്രികള്‍ വില്ക്കുന്ന കടകള്‍(മണല്‍, കമ്പി, സിമന്റ്, സാനിട്ടറി, ഇലക്ട്രിക്കല്‍, പെയിന്റ്), ബുക്ക്സ്റ്റാള്‍, കാര്‍ഷിക ഉപകരണങ്ങള്‍, വളം, കീടനാശിനി, വൈദ്യുതി മോട്ടോര്‍വില്പന കടകള്‍, കണ്ണട കടകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. റോഡ് നിര്‍മാണം, ടാറിംഗ്, മറ്റ് പൊതുനിര്‍മാണ പ്രവര്‍ത്തനങ്ങള്‍, വീട് നിര്‍മാണം, ക്വാറികള്‍, കൃഷി എന്നിവയ്ക്കും അനുമതി നല്‍കി. 

ഇളവുകള്‍ ലഭിച്ച കടകള്‍ക്ക് രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെ പ്രവര്‍ത്തിക്കാം. അതേസമയം സ്വര്‍ണം, ടെക്സറ്റൈല്‍സ്, ഷോപ്പിംഗ് മാളുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ തുറക്കാന്‍ പാടില്ല. ഹോട്ടലുകളില്‍ പാഴ്‌സല്‍ അനുവദിക്കുമെങ്കിലും ഇരുന്ന് കഴിക്കാന്‍ പാടില്ല. ബസ്, ടാക്‌സി ഉള്‍പ്പെടെ പൊതുഗതാഗതം അനുവദിക്കില്ല. കാറുകളിലും ഇരുചക്രവാഹനങ്ങളിലും യാത്രയ്ക്കുള്ള നിയന്ത്രണങ്ങള്‍ തുടരും.