കണ്ണൂര്‍: കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച വിദേശ കറൻസിയും സ്വർണ്ണവും കസ്റ്റംസ് പിടികൂടി. ദോഹയിൽ നിന്ന് പുലർച്ചെയെത്തിയ ഷരീഫ എന്ന യാത്രക്കാരിയിൽ നിന്ന് 233 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.  രണ്ട് സ്വർണ്ണ ചെയിനാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.  മലപ്പുറം അരീക്കോട് സ്വദേശി ഷിഹാബുദ്ദീനാണ് വിമാനത്താവളം വഴി നാലര ലക്ഷത്തോളം രൂപ മൂല്യമുള്ള യുഎസ് ഡോളർ കടത്താൻ ശ്രമിച്ചത്.  

7000 യുഎസ് ഡോളർ കസ്റ്റംസ് പിടിച്ചെടുത്തു.  കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ ഒ പ്രദീപിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ. കഴിഞ്ഞ മാസം ഡിആർഐ നടത്തിയ പരിശോധനയിൽ നാലരക്കോടി രൂപയുടെ സ്വർണം യാത്രക്കാരിൽ നിന്ന് പിടികൂടിയിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും സ്വർണ്ണക്കടത്ത് തുടങ്ങിയിരിക്കുന്നത്.