കാർ തടഞ്ഞ് യാത്രക്കാരനെ മർദ്ദിച്ച് ഫോണും പണവും കവർന്ന കേസിലെ പ്രതികൾ പിടിയിൽ
മലപ്പുറം: മലപ്പുറം ചെറാട്ടുകുഴിയിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള വിരോധത്തെ തുടർന്ന് കാർ തടഞ്ഞ് നിർത്തി കൂട്ടക്കവർച്ച നടത്തിയ സംഭവത്തിലെ പ്രതികളെ പിടികൂടി. മക്കരപ്പറമ്പ് വെള്ളാട്ട്പറമ്പ് പള്ളിതെക്കേതിൽ ഷാഹുൽഹമീദ് മകൻ ഫിറോസ് ഖാൻ(45), മലപ്പുറം കാട്ടുങ്ങൽ കൂത്രാടൻ അലിയുടെ മകൻ മുഹമ്മദ് ഫാഇസ് ബാബു(28) എന്നിവരാണ് പിടിയിലായത്. മലപ്പുറം ഇൻസ്പെക്ടർ പി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം അതിസാഹസികമായാണ് പ്രതികളെ പിടികൂടിയത്.
മങ്കട പള്ളിപ്പറം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ഇയാളുടെ കാറിനെ മറ്റൊരു കാറിൽ പിന്തുടർന്ന് വന്ന പ്രതികൾ ആദ്യം ഇടിപ്പിച്ച് നിർത്തി. പിന്നീട് വീൽ സ്പാനർ കൊണ്ട് പരാതിക്കാരൻ്റെ കാറിൻ്റെ ചില്ല് അടിച്ച് തകർത്തു. ഇതേ ആയുധം ഉപയോഗിച്ച് പരാതിക്കാരനെയും അടിച്ച് വീഴ്ത്തി. പിന്നീട് കല്ല് കൊണ്ട് കുത്തിയും പരാതിക്കാരനെ പരിക്കേൽപ്പിച്ചു. ശേഷം ഇയാളുടെ കൈയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണും കാറിലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും പ്രതികൾ കവർന്നെന്നാണ് കേസ്.
സംഭവത്തിൽ മലപ്പുറം പൊലീസ് കേസെടുത്തിരുന്നു. കേസ് രജിസ്റ്റർ ചെയ്തെന്ന് മനസിലാക്കിയ പ്രതികൾ പലയിടത്തായി ഒളിച്ചു താമസിക്കുകയായിരുന്നു. ഇവർ മൊബൈൽ ഫോൺ ഉപയോഗിച്ചും ഉപയോഗിക്കാതെയും യാത്ര ചെയ്തിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ മലപ്പുറം പോലീസ് നടത്തിയ നീക്കത്തിൽ പ്രതികൾ ഒളിച്ചു താമസിക്കുന്നത് എവിടെയെന്ന് മനസിലായി. ഇവിടെയെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബലപ്രയോഗത്തിലൂടെയാണ് പ്രതികളെ കീഴ്പ്പെടുത്തിയതെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്നും കേസിലെ മറ്റു പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വോഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. പിടിയിലായവർക്ക് മറ്റ് സ്റ്റേഷനുകളിൽ കേസുകളുണ്ടോയെന്നതും പരിശോധിക്കുന്നുണ്ട്.
