നിയന്ത്രണങ്ങൾ മറികടന്ന് ഉള്ളൂരിലെ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 2 ഓട്ടോറിക്ഷാ ഡ്രൈവർമാർ മുങ്ങിമരിച്ചു

തിരുവനന്തപുരം: ഉള്ളൂർ തുറുവിയ്ക്കൽ ക്ഷേത്രക്കുളത്തിൽ രണ്ട് ഓട്ടോറിക്ഷാ ഡ്രൈവർമാർ മുങ്ങിമരിച്ചു. ഒരാൾ രക്ഷപ്പെട്ടു. പറോട്ടുകോണം സ്വദേശികളായ ജയൻ, പ്രകാശൻ എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവർമാരായ സുഹൃത്തുക്കൾ ഇന്ന് പകൽ 11 മണിയോടെയാണ് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയത്. ആഴം കൂടുതലായതിനാൽ ആളുകൾ ഇറങ്ങാതിരിക്കാൻ ചുറ്റുമതിലും ഗേറ്റും ഇട്ടിരുന്ന ക്ഷേത്ര കുളത്തിലാണ് ഇവർ ഇറങ്ങിയത്. 12 മണിയോടെ ഇവർ മുങ്ങി താഴുന്നത് കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാ പ്രവർത്തനം നടത്തിയത്. ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും മറ്റ് രണ്ട് പേർ കരക്കെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്.

YouTube video player