കൊച്ചി: കേരളത്തില്‍ കൊവിഡ് പരിശോധനയ്ക്കായി രണ്ട് കേന്ദ്രങ്ങള്‍ കൂടി. കോഴിക്കോട് മിംസ് ആശുപത്രിക്കും കൊച്ചിയിലെ ഡിഡിആര്‍സിക്കുമാണ് കൊവിഡ് പരിശോധനയ്ക്ക് ഐസിഎംആര്‍ അനുമതി നല്‍കിയത്. അതേസമയം കൊവിഡ് 19 വൈറസ് ബാധ സംശയിക്കുന്നവരുടെ സ്രവ പരിശോധനക്കുള്ള റിയല്‍ ടൈം പൊളിമറൈസ് ചെയിന്‍ റിയാക്ഷന്‍ (ആര്‍.ടി.പി.സി.ആര്‍) പരിശോധനാ ലബോറട്ടറി മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ പ്രവര്‍ത്തനം തുടങ്ങി. ലാബിന്  ഐസിഎംആറിന്‍റെ അനുമതി കിട്ടിയതോടെയാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

കൊവിഡ് 19 കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് തുടരേണ്ട നിയന്ത്രണം, ജാഗ്രത എന്നിവയെ കുറിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. 24 മുതൽ ലോക്ക് ഡൗണ്‍ ഇളവുകൾ നൽകേണ്ട ഓറഞ്ച് എ മേഖലയിലെ ക്രമീകരണങ്ങൾ സംബന്ധിച്ചും മന്ത്രിസഭായോഗം ചർച്ച ചെയ്യും. നിലവിലെ സ്ഥിതിഗതികൾ പരിശോധിച്ച് ഹോട്ട് സ്പോട്ടുകൾ പുനഃക്രമീകരിക്കുന്നതിനെ കുറിച്ചും തീരുമാനമുണ്ടാകും. സാലറി ചലഞ്ചിൽ അന്തിമ തീരുമാനം ഇന്ന് ഉണ്ടായേക്കും. ജീവനക്കാരുടെ ശമ്പളം സംഭാവന ആയി സ്വീകരിക്കണോ അതോ ഡിഎ പിടിക്കണോ എന്നതിൽ രണ്ടു അഭിപ്രായം ഉണ്ട്. സ്പ്രിംഗ്ളര്‍ വിവാദത്തിൽ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇക്കാര്യം മന്ത്രിസഭ പരിഗണിക്കാനിടയില്ല.