കാസര്‍കോട്: കാസര്‍കോട് രണ്ട് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. നായന്മാർമൂല സ്വദേശി ഹസൈനാർ (68) കുമ്പള  സ്വദേശി കമല (60) എന്നിവരാണ് മരിച്ചത്. കാസർകോട് മെഡി.കോളേജിൽ ചികിത്സയിലായിരുന്ന ഹസൈനാർക്ക് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയില്‍ ആയതിനെ തുടർന്ന് പരിയാരം മെഡി. കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം. പരിയാരം മെഡിക്കൽ കോളജിൽ മരിച്ച കമല ഗുരുതരമായ കരൾ രോഗത്തിന് ചികിത്സയിൽ ആയിരുന്നു. ഇന്ന് 11 കൊവിഡ് മരണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. 

ആഗസ്റ്റ് 28ന് മരണമടഞ്ഞ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി വിജയകുമാര്‍ (61), ആഗസ്റ്റ് 31 ന് മരണമടഞ്ഞ കണ്ണൂര്‍ പുതിയങ്ങാടി സ്വദേശി അബ്ദുള്‍ കരീം (78), തിരുവനന്തപുരം വെള്ളായണി സ്വദേശി മണിയന്‍ നാടാര്‍ (70), കൊല്ലം നടുവത്തൂര്‍ സ്വദേശിനി ധന്യ (26), തൃശൂര്‍ പൂങ്കുന്നം സ്വദേശി ധനലക്ഷ്മി (60), ആഗസ്റ്റ് 30 ന് മരണമടഞ്ഞ തിരുവനന്തപുരം പാലോട് സ്വദേശി വി കെ ദേവസ്യ (73), ആഗസ്റ്റ് 17 ന് മരണമടഞ്ഞ കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിനി ബീഫാത്തിമ (80), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ കൊല്ലം ചെറിയവളനല്ലൂര്‍ സ്വദേശിനി ആശ മുജീബ് (45), കൊല്ലം അഞ്ചല്‍ സ്വദേശിനി അശ്വതി (25), കൊല്ലം ശാസ്താംകോട്ട സ്വദേശിനി സുധാകുമാരി (54), തിരുവനന്തപുരം വെള്ളറട സ്വദേശിനി ശ്യാമള (62) എന്നിവരാണ് മരണമടഞ്ഞത്. 

ഇതോടെ സര്‍ക്കാരിന്‍റെ കണക്കുപ്രകാരം ആകെ 337 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.