Asianet News MalayalamAsianet News Malayalam

എലത്തൂരിലെ ഓട്ടോഡ്രൈവറുടെ ആത്മഹത്യ ശ്രമം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍

ബിജെപി പ്രവര്‍ത്തകനായ രജീഷ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. സംഭവത്തില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പടെ പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു

two cpm worker arrested for elathur auto driver attacked case
Author
Calicut, First Published Sep 20, 2019, 8:10 PM IST

കോഴിക്കോട്: എലത്തൂരിലെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ ശ്രമവുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് സി പി എം പ്രവർത്തകർ പിടിയിലായി. സിപിഎം പ്രാദേശിക നേതാവും മുന്‍ പഞ്ചായത്ത് അംഗവുമായ ഒ കെ ശ്രീലേഷ്, ഷൈജു എന്നിവരെയാണ് പുതിയനിരത്ത് നിന്ന് പൊലീസ് പിടികൂടിയത്. സ്റ്റാന്റിൽ ഓട്ടോ ഓടിക്കാൻ സമ്മതിക്കാതെ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ഓട്ടോ ഡ്രൈവർ രാജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റതിന് പിന്നാലെയാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ബിജെപി പ്രവര്‍ത്തകനായ രജീഷ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. സംഭവത്തില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പടെ പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഞായറാഴ്ച വൈകിട്ടാണ് എലത്തൂരില്‍ വച്ച് രജീഷിനെ സിപിഎം പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന സംഘം ആക്രമിച്ചത്. പരിക്കേറ്റ രജീഷ് ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച രജീഷിനെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

രജീഷ് എലത്തൂരിൽ ഓട്ടോറിക്ഷ ഓടിക്കുന്നത് സിഐടിയു അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികൾ വിലക്കിയിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. ഒ കെ ശ്രീലേഷിന്‍റെ നേതൃത്വത്തിലുളള സംഘമാണ് ആക്രമിച്ചതെന്നും ഇവരില്‍ നിന്ന് നാളുകളായി ഭീഷണിയുണ്ടായിരുന്നെന്നും ചൂണ്ടികാട്ടി രജീഷിന്‍റെ ഭാര്യ രജീഷ പൊലീസിന് പരാതി നല്‍കിയിരുന്നു.

Follow Us:
Download App:
  • android
  • ios