ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം എടവണ്ണ ഇഎംസി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

മലപ്പുറം : മലപ്പുറം മമ്പാട് ആംബുലൻസ് ഇരുചക്ര വാഹനത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാള് മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം എടവണ്ണ ഇഎംസി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

പാലക്കാട്ട് മൂന്നിടങ്ങളിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു

പാലക്കാട് ജില്ലയിൽ മൂന്നിടങ്ങളിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. ആലത്തൂരിൽ ഇഷ്ടിക കളത്തിൽ മണ്ണിറക്കുന്നതിനിടെ ടോറസ് ലോറി മറ്റൊരു ലോറിയുടെ മേൽ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ, തൃശ്ശൂർ നടത്തറ സ്വദേശി സച്ചിൻ മരിച്ചു. പുലർച്ചെ അഞ്ചു മണിയോടെ, വണ്ടാഴി വടക്കുമുറിയിലെ ഇഷ്ടിക കളത്തിലാണ് അപകടമുണ്ടായത്. മറ്റൊരു ടോറസ് ലോറിയിലേക്ക് മണ്ണ് തട്ടുന്നതിനിടെയാണ് അപകടമുണ്ടായത്. 

പാലക്കാട് നഗരത്തിൽ താരേക്കാട് സ്വാകാര്യ ബസ് കയറി കൊട്ടേക്കാട് കരിമൻകാട് സ്വദേശി ഓമന മരിച്ചു. രാവിലെ പത്തരയോടെയായിരുന്നു അപകടം. ഓമനയും ഭർത്താവും ബൈക്കിൽ സഞ്ചരിക്കുമ്പോൾ എതിരെ വന്ന കാറിൽ തട്ടി ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഓമന തൽക്ഷണം മരിച്ചു. ഭർത്താവ് വയ്യാപുരി പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. 

ഉച്ചയ്ക്ക് രണ്ടരയോടെ, ഒറ്റപ്പാലം വീട്ടാം പാറയിലുണ്ടായ വാഹനാപകടത്തിൽ തോട്ടക്കാട് വീട്ടിൽ സുകുമാരൻ മരിച്ചു. എതിരെ വന്ന ഓട്ടോ കാറിലിടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

കട്ടപ്പനയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ മറിഞ്ഞു

ഇടുക്കി കട്ടപ്പനയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ വീടിനു മുന്നിലെ കാർപോർച്ചിന് മുകളിലേക്ക് മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്ന 16 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പുലർച്ചെ മൂന്നേ മുക്കാലോടെയാണ് അപകടമുണ്ടായത്. തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനമാണ് പാറക്കടവ് ബൈപാസ് റോഡിൽ അപകടത്തിൽ പെട്ടത്. കുത്തിറക്കത്തോടുകൂടിയ കൊടും വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട മിനിവാൻ സമീപത്തെ കാപ്പാട്ട്ഷെഫീക്കിന്റെ വീട്ടിലെ കാർ പോർച്ചിന് മുകളിലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റവരെല്ലാം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.