കണ്ണൂര്‍: ദുരിതപ്പെയ്ത്തില്‍ നട്ടംതിരിയുന്ന കണ്ണൂരില്‍ രണ്ടുപേര്‍ കൂടി മരിച്ചു. രണ്ടുവയസുകാരന്‍ ആര്‍ബിന്‍, 62 കാരന്‍ ദേവസ്യ എന്നിവരാണ് മരിച്ചത്. പുന്നോല്‍ താഴെവയല്‍ പവിത്രം ഹൗസില്‍ നിധിന്‍റെ മകനാണ് ആര്‍ബിന്‍. വീട്ടിനടുത്തുള്ള വെള്ളക്കെട്ടില്‍ വീഴുകയായായിരുന്നു കുട്ടി.  വയത്തൂര്‍ വില്ലേജിലെ കാലാക്കീല്‍ പുളിമൂട്ടില്‍ ദേവസ്യയും കോറോം സ്വദേശി കൃഷ്ണനും വെള്ളക്കെട്ടില്‍ വീണാണ് മരിച്ചത്. ഇതോടെ ഇന്ന് ഇതുവരെ കണ്ണൂരില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. 

ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ എല്ലാം ഇതിനോടകം വെള്ളം കയറി. പൊന്നിയം പുഴ കര കവിഞ്ഞാണ്‌ തലശേരി, പാനൂർ, മാഹി ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറിയത്.  നിരവധി വീടുകൾ ഭീഷണിയിലാണ്. തളിപ്പറമ്പ, ഇരിക്കൂർ മേഖലയിൽ രണ്ടുദിവസം മുൻപ് കയറിയ വെള്ളം ഇതുവരെ കാര്യമായി താഴ്ന്നിട്ടില്ല. അതേസമയം ഇരിട്ടി, കൊട്ടിയൂർ മേഖലകളിൽ വെള്ളം ഇറങ്ങുന്നത് ആശ്വാസമായി. ജില്ലയിൽ ആകെ 9000 അധികം ആളുകൾ കാമ്പുകളിൽ ഉണ്ട്.