തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഹവിൽദാർ റാണിമോൾക്കും സബീർ അബ്ദുൽ കരീമിനും സിബിഐ പ്രത്യേക കോടതി ശിക്ഷ വിധിച്ചു. റാണിമോൾക്ക് 11 വർഷം കഠിനതടവും സബീറിന് ഏഴ് വർഷം കഠിനതടവുമാണ് ശിക്ഷ. 2018-ൽ ഒരു കിലോ സ്വർണം കടത്തിയെന്നതാണ് കേസ്.
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥ ഉൾപ്പെടെ രണ്ട് പ്രതികൾക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. കസ്റ്റംസ് ഹവിൽദാർ തിരുമല അണ്ണൂർ ബിന്ദുവിലാസത്തിൽ ജി. റാണിമോൾ, പൂന്തുറ പരുത്തിക്കുഴി ത്രിവേണി നഗർ 57ൽ സബീർ അബ്ദുൽ കരീം എന്നിവരെയാണ് സിബിഐ പ്രത്യേക കോടതി ശിക്ഷിച്ചത്. ഒന്നാം പ്രതി റാണിമോൾക്ക് 11 വർഷം കഠിന തടവും 1.4 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. രണ്ടാം പ്രതി സബീർ അബ്ദുൽ കരീമിന് ഏഴ് വർഷം കഠിനതടവും 90,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 2018 മാർച്ച് 10നായിരുന്നു സംഭവം.
രാവിലെ 8.45ന് ദുബായിൽ നിന്ന് വന്ന എമിറേറ്റ്‌സ് വിമാനത്തിൽ തിരുവനന്തപുരത്ത് വന്നതായിരുന്നു സബീർ. കസ്റ്റംസ് പരിശോധനയ്ക്ക് വിധേയനാകുന്നതിനു മുൻപ് ഒരു കിലോ സ്വർണം ഇയാൾ റാണിമോളെ ഏൽപിച്ചു. അവർ ഇത് പുറത്തെത്തിച്ച് സബീറിന് കൈമാറി. ഇതിനിടെ കസ്റ്റംസ് സൂപ്രണ്ട് ഇരുവരെയും പിടികൂടി. എന്നാൽ സബീറിനെ മാത്രം പ്രതിയാക്കിയാണ് കേസെടുത്തത്. പിന്നീട് സിബിഐക്ക് വിവരം ലഭിച്ചതോടെ വിശദമായ അന്വേഷണം നടന്നു. കസ്റ്റംസ് സൂപ്രണ്ടിനെയടക്കം പ്രതിചേർക്കുമെന്നായതോടെ നടന്ന സംഭവങ്ങൾ പറഞ്ഞ് അദ്ദേഹം മാപ്പുസാക്ഷിയായി. ശാസ്‌ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളും മാപ്പുസാക്ഷിയുടെ മൊഴിയും പരിഗണിച്ചാണ് പ്രതികളായ ഇരുവരേയും ശിക്ഷിച്ചത്.


